കണ്ണൂര്‍: ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിന് ഉപാധികള്‍വച്ച സിപിഎം നേതൃത്വത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഉറുമ്പ് ആനയ്ക്കു കല്യാണം പറഞ്ഞപോലെയാണ് കോണ്‍ഗ്രസിന് മുന്നില്‍ സിപിഎമ്മിന്റെ ഉപാധികളെന്നായിരുന്നു സുധാകരന്റെ പരിഹാസം.
24 ശതമാനം വോട്ടുള്ള കോണ്‍ഗ്രസിന് മുന്നിലാണ് 1.6 ശതമാനം മാത്രം വോട്ടുള്ള സിപിഎം ഉപാധി പറയുന്നത്. അതുകൊണ്ടു തന്നെ സിപിഎം മുന്നോട്ടു വച്ച ഉപാധികളെ പരമപുച്ഛത്തോടെ എഴുതിത്തള്ളാന്‍ മാത്രമേ കഴിയൂവെന്ന് സുധാകരന്‍ വ്യക്തമാക്കി.
ബിജെപിക്കെതിരെ ആരുമായും സഹകരിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയാണ് കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് ഉപാധികള്‍ വച്ചത്. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നവ ഉദാരവല്‍ക്കരണത്തെയും വര്‍ഗീയതയേയും തള്ളി പറയാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സുധാകരന്‍ മറുപടിയുമായി രംഗത്തെത്തിയത്.
ഇന്ത്യയില്‍ ആകെ വളരെ കുറച്ചു സംസ്ഥാനങ്ങളില്‍ മാത്രമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പച്ച പിടിക്കാനായതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. ബംഗാള്‍, ത്രിപുര, കേരള, പഞ്ചാബ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ഒരുകാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നത്.
അതില്‍ ആന്ധ്രയിലും പഞ്ചാബിലും ബിഹാറിലുമെല്ലാം അവര്‍ തൂത്തുമാറ്റപ്പെട്ടു. ത്രിപുരയിലും ബംഗാളിലും അധികാരം നഷ്ടമായി. ഇവിടങ്ങളിലെല്ലാം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും സാധിക്കാത്ത പരുവത്തിലായി. ആകെ കുറച്ച് പച്ചപ്പുള്ളത് കേരളത്തില്‍ മാത്രമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
ദേശീയ തലത്തില്‍ ഇപ്പോഴും 24 ശതമാനം ജനങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഓര്‍മ വേണം. ഇവിടെ വന്ന് കോണ്‍ഗ്രസിന് മുന്നില്‍ ഉപാധികള്‍ വയ്ക്കുന്ന എസ്ആര്‍പിയുടെ പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ ആകെയുള്ളത് 1.65 ശതമാനം ജനങ്ങളുടെ പിന്തുണയാണ്. നമ്മളെല്ലാം ഒരു കഥ കേട്ടിട്ടുണ്ട്. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച കഥ. എസ്ആര്‍പിയുടെ ഉപാധികള്‍ കാണുമ്പോള്‍ മനസിലേക്ക് വരുന്നത് ആ കഥയാണെന്നും സുധാകരന്‍ പരിഹാസ രൂപേണ പറഞ്ഞു.
ആര് ആരോടാണ് ഇതെല്ലാം പറയുന്നതെന്ന് നോക്കണം. ഇന്ത്യയില്‍ ഇപ്പോഴും 24 ശതമാനം ജനങ്ങളുടെ പിന്തുണയുള്ള രണ്ടു മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണമുള്ള കോണ്‍ഗ്രസിനോടാണ് പിണറായി വിജയന്റെ കൊച്ചു കേരളത്തിലേക്ക് ഒരു തുരുത്തായി ഒതുങ്ങിയ സിപിഎം ഉപാധി പറയുന്നത്. അത് പരമ പുച്ഛത്തോടെ എഴുതിത്തള്ളാന്‍ മാത്രമേ കോണ്‍ഗ്രസിനു സാധിക്കൂ എന്ന് സുധാകരന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.