മൂലമറ്റം വെടിവെപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് പ്രതിക്ക് തിരയും വെടിമരുന്നും കൈമാറിയയാള്‍

മൂലമറ്റം വെടിവെപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് പ്രതിക്ക് തിരയും വെടിമരുന്നും കൈമാറിയയാള്‍

മൂലമറ്റം: തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതി മൂലമറ്റം മാവേലിപുത്തന്‍പുരയില്‍ ഫിലിപ്പ് മാര്‍ട്ടിന് തിരയും വെടിമരുന്നുമെത്തിച്ച് നല്‍കിയ ആലക്കോട് ചിലവ് കൊച്ചുമറ്റം ഷാജി സെബാസ്റ്റ്യനെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റ്് ചെയ്തത്.

പ്രതി മാര്‍ട്ടിന്‍ മുമ്പ് താമസിച്ചിരുന്നതിന് സമീപത്തായാണ് ഇന്നലെ അറസ്റ്റിലായ ഷാജിയുടേയും വീട്. ഇയാള്‍ക്ക് തോക്ക് ഉപയോഗിക്കുന്നതിന് ലൈസന്‍സുണ്ട്. ഫിലിപ്പിന് കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ഇതിന് പുറമേ എയര്‍ഗണ്ണും ഉണ്ടായിരുന്നു. ഇതില്‍ ഉപയോഗിക്കുന്നതിനായി ഷാജിയുമായുള്ള ബന്ധം ഉപയോഗിച്ച് പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ പലപ്പോഴും തിര വാങ്ങാറുണ്ടായിരുന്നു.

ഇത്തരത്തില്‍ ലഭിച്ച തിരയാണ് സംഭവ ദിവസം ഉപയോഗിച്ചത്. അറസ്റ്റിലായ സമയത്ത്് തിര വാങ്ങിയത് അയല്‍ സംസ്ഥാനത്ത് നിന്നാണെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍ ഇന്നലെ കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാജിയാണ് തിര നല്‍കിയതെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മാര്‍ച്ച് 26 ന് രാത്രി 10 മണിക്ക് മൂലമറ്റം എ.കെ.ജി. ജംഗ്ഷനില്‍ നടന്ന വെടിവെപ്പില്‍ ഇടുക്കി കീരിത്തോട് സ്വദേശിയും മുലമറ്റത്ത് ബസ് കണ്ടക്ടറുമായ പാട്ടത്തില്‍ ജബ്ബാര്‍ എന്ന് വിളിക്കുന്ന സനല്‍ ബാബുവാണ് (32) കൊല്ലപ്പെട്ടത്.

മരിച്ച സനലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൂലമറ്റം കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ് പുഷ്‌കരന്‍ (32) വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

പ്രദീപിനെ നിലവില്‍ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയ്യാള്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഡോക്ടറുടെ അനുമതിയോടെ എഴുതി കാട്ടുന്നതുള്‍പ്പെടെ മറ്റ് രീതികള്‍ അവലംബിച്ച് പ്രദീപില്‍ നിന്നും സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം മനസിലാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.