കണ്ണൂര്‍: കണ്ണൂരില്‍ ആരംഭിച്ച സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഏറ്റവും വലിയ ചര്‍ച്ചയാകുക ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസുമായി എങ്ങനെ കൂട്ടുകൂടാമെന്ന വിഷയത്തിലാകും. എന്നാല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ രണ്ട് ചേരി രൂപപ്പെടുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ ഡല്‍ഹി കേന്ദ്രീകരിച്ച വിഭാഗത്തിന് ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് അവിഭാജ്യ ഘടകമാണ്. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഇക്കാര്യം തുറന്നു പറയുകയും ചെയ്തു.
ബിജെപിക്കെതിരെ ആരുമായും സഹകരിക്കാന്‍ തയാറാണെന്നാണ് രാമചന്ദ്രന്‍ പിള്ള പറഞ്ഞത്. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. നവ ഉദാരവല്‍ക്കരണത്തെയും വര്‍ഗീയതയെയും തള്ളിപറയാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും പിള്ള വ്യക്തമാക്കി.
എസ്ആര്‍പിയുടെ നിര്‍ദേശത്തോട് പൂര്‍ണ വിയോജിപ്പാണ് കേരള ഘടകത്തിനുള്ളത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫെഡറല്‍ മുന്നണിക്കായി ശ്രമിക്കുമെന്നാണ് കോടിയേരി വ്യക്തമാക്കിയത്. ആ മുന്നണിയില്‍ കോണ്‍ഗ്രസ് ഒരു ഘടകം പോലുമല്ലെന്ന് കോടിയേരി പറഞ്ഞു വയ്ക്കുന്നു.
കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ ഏറെ പഴികേട്ട ബംഗാള്‍ ഘടകത്തിന്റെ അനുഭവം നിരത്തി യെച്ചൂരിയും പിള്ളയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പിനെ തടയാമെന്ന് കേരള ഘടകം കണക്കു കൂട്ടുന്നു. ബംഗാളില്‍ പാര്‍ട്ടി തീരെ ശോഷിച്ച അവസ്ഥയാണ്. ഇനിയൊരു തിരിച്ചു വരവ് ബംഗാളിലെ മുതിര്‍ന്ന സിപിഎമ്മുകാര്‍ പോലും പ്രതീക്ഷിക്കുന്നില്ല.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് കണ്ണൂരിലേക്ക് എത്തുമ്പോള്‍ ബംഗാള്‍, ത്രിപുര ഘടകങ്ങളുടെ സ്വാധീന ശക്തി ഏറെക്കുറെ ക്ഷയിച്ചിട്ടുണ്ട്. മറുവശത്ത് തുടര്‍ ഭരണത്തിലൂടെ കേരള സിപിഎം കൂടുതല്‍ ശക്തരാകുകയും ചെയ്തു. സിപിഎമ്മിന് ആകെക്കൂടി ശക്തിയുള്ള കേരളത്തില്‍ മുഖ്യ എതിരാളി ഇപ്പോഴും കോണ്‍ഗ്രസാണ്. അതുകൊണ്ട് തന്നെ പിണറായിയും കോടിയേരിയും പറയുന്ന വഴിയെ കാര്യങ്ങള്‍ നീങ്ങാനാണ് സാധ്യത.
ബിജെപിയെ ഫലപ്രദമായി തടയാന്‍ കോണ്‍ഗ്രസിന് ആകില്ലെന്ന പ്രചരണം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തി കൊണ്ടുവന്ന് പാര്‍ട്ടിക്ക് നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചു പിടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പിണറായി-കോടിയേരി സഖ്യത്തിന്റെ പുതിയ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.