ബംഗാളിലും ത്രിപുരയിലും മുരടിച്ച് നില്‍ക്കുന്നു; ആകെ വളര്‍ച്ചയുള്ളത് കേരളത്തില്‍ മാത്രം: സിപിഎമ്മിന്റെ ഭാവി അവതാളത്തിലെന്ന് സംഘടനാ റിപ്പോര്‍ട്ട്

ബംഗാളിലും ത്രിപുരയിലും മുരടിച്ച് നില്‍ക്കുന്നു; ആകെ വളര്‍ച്ചയുള്ളത് കേരളത്തില്‍ മാത്രം: സിപിഎമ്മിന്റെ ഭാവി അവതാളത്തിലെന്ന് സംഘടനാ റിപ്പോര്‍ട്ട്

കണ്ണൂര്‍: ഒരു കാലത്ത് ബംഗാളിലും ത്രിപുരയിലും പ്രതാപികളായിരുന്ന സിപിഎമ്മിന്റെ സ്ഥിതി അതാത് പ്രദേശങ്ങളില്‍ അതിദയനീയമാണ്. ഈ സംസ്ഥാനങ്ങളില്‍ ഉള്ള അണികളെ പോലും പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നില്ല. ആകെ വളര്‍ച്ചയുള്ളത് കേരളത്തില്‍ മാത്രമാണ്. രാജ്യത്തെ അംഗത്വത്തില്‍ പകുതിയിലേറെയും കേരളത്തില്‍ നിന്നാണ്. കേരളം വിട്ടാല്‍ സിപിഎം എന്നത് അപൂര്‍വമായ അവസ്ഥയാണെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

2017 ലെ പാര്‍ട്ടി കോണ്‍ഗ്രസ് കാലയളവില്‍ രാജ്യത്ത് 10,25,352 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോഴത് 9,85,757 അംഗങ്ങളായി കുറഞ്ഞു. കേരളത്തില്‍ അംഗങ്ങളുടെ എണ്ണം കൂടിയപ്പോഴും ദേശീയ തലത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയത് പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്.

കേരളത്തില്‍ 4,63,472 പാര്‍ട്ടിയംഗങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 5,27,174 അംഗങ്ങളായി വര്‍ധിച്ചു. പശ്ചിമബംഗാളില്‍ 2017 ല്‍ 2,08,923 അംഗങ്ങളുണ്ടായിരുന്നു. അതിപ്പോള്‍ 1,60,827 ആയി കുറഞ്ഞു. ത്രിപുരയില്‍ അംഗസംഖ്യ പകുതിയായി കുറഞ്ഞു. 2017 ല്‍ 97,990 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ 50,612 പേരേയുള്ളൂ. വരും വര്‍ഷങ്ങളില്‍ ത്രിപുരയില്‍ പാര്‍ട്ടി നാമവശേഷമാകുമെന്നാണ് അവിടെ നിന്നുള്ള പ്രതിനിധികള്‍ പറയുന്നത്.

ചെറുപ്പക്കാര്‍ ആരും തന്നെ പാര്‍ട്ടിയിലേക്ക് കടന്നു വരുന്നില്ലെന്നാണ് ത്രിപുരയില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയവര്‍ പറയുന്നത്. സിപിഎം അധികാരത്തില്‍ നിന്ന് മാറിയതോടെ ത്രിപുരയില്‍ പുതിയ കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തൊഴിലവസരങ്ങളും കൂടി. എന്നിട്ടും തൊഴിലാളി സംഘടന രംഗത്ത് പോലും സാന്നിധ്യമാകാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും അംഗത്വത്തില്‍ നേരിയ വര്‍ധനയുണ്ടായി. 2017 ല്‍ 12,458 പേരായിരുന്നു മഹാരാഷ്ട്രയിലെ അംഗസംഖ്യ. ഇതിപ്പോള്‍ 12,807 ആയി കൂടി. തമിഴ്‌നാട്ടില്‍ 2017 ല്‍ 93,780 ആയിരുന്നത് ഇപ്പോള്‍ 93,982 ആയി കൂടി. ആന്ധ്രാപ്രദേശില്‍ കാല്‍ ലക്ഷമുണ്ടായിരുന്ന അംഗസംഖ്യ ഇപ്പോള്‍ 23,130 ആയും കര്‍ണാടകയില്‍ 9190 ആയിരുന്നത് 8052 ആയും കുറഞ്ഞു.

ബിഹാറില്‍ 18,590 പേരായിരുന്നത് 19,400 ആയി കൂടി. ഗുജറാത്തില്‍ 3718 ഉള്ളത് 3724 ആയി. ഹിമാചല്‍പ്രദേശില്‍ 2016 പേരുള്ളത് 2205 ആയും വര്‍ധിച്ചു. കര്‍ഷക പ്രക്ഷോഭത്തിന്റെ കേന്ദ്രമായ പഞ്ചാബിലും നേട്ടമുണ്ടായി. 2017 ല്‍ 7693 ആയിരുന്ന അംഗസംഖ്യ ഇപ്പോള്‍ 8389 ആയി കൂടി. നാമമാത്രമായ വര്‍ധനവ് പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.