തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് കൂടുതല്‍ കമാന്‍ഡോകള്‍. അദ്ദേഹം പങ്കെടുക്കുന്ന പൊതുപരിപാടികളിലും സുരക്ഷ വര്‍ധിപ്പിക്കും. ക്ലിഫ്ഹൗസിന്റെയും സമീപപ്രദേശങ്ങളുടെയും സുരക്ഷ വര്‍ധിപ്പിക്കുകയും അവിടെ കണ്ട്രോള് റൂം ആരംഭിക്കുകയും ചെയ്തതിനു പിന്നാലെയാണിത്.
മന്ത്രിമാരുടെ സുരക്ഷ കൂട്ടുന്നതും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തടയുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ മന്ത്രിമാരുടെ വീടുകളില്‍ സ്ഥാപിക്കുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തിനിടെയും പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുണ്ടാകാനാണ് കൂടുതല്‍ സാധ്യതയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് കൈമാറി. ആഭ്യന്തര വകുപ്പ് ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ്.
നിലവില്‍ കമാന്‍ഡോ സുരക്ഷയുള്‍പ്പെടെ മുഖ്യമന്ത്രിക്കുണ്ട്. സുരക്ഷ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പൊലീസ് വാഹനങ്ങളുടെ നീണ്ട നിരയാണ് മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കുന്നത്. അതിനു പുറമെയാണ് കൂടുതല്‍ കമാന്‍ഡോകളെ ഉള്‍പ്പെടെ സുരക്ഷക്ക് നിയോഗിക്കാനുള്ള നീക്കം.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ നടക്കുന്ന വേദിക്ക് സമീപത്തേക്ക് മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്കു മാത്രമാകും പ്രവേശനം. കര്‍ശന പരിശോധനക്കു വിധേയമാക്കിയായിരിക്കും സന്ദര്‍ശകരെയും ഇവിടങ്ങളിലേക്ക് പ്രവേശിപ്പിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.