രോഗിയായ രാജാവും ആരോഗ്യമുള്ള ചെരുപ്പുകുത്തിയും

രോഗിയായ രാജാവും ആരോഗ്യമുള്ള ചെരുപ്പുകുത്തിയും

"ആരോഗ്യമുള്ളവന് പ്രതീക്ഷയുണ്ട്‌. പ്രതീക്ഷയുള്ളവന് എല്ലാമുണ്ട്‌.” ഈ അറേബ്യന്‍ പഴമൊഴിയുടെ മിഴിതുറക്കുമ്പോള്‍, ആരോഗ്യം എന്നാല്‍ ശരീരവും മനസും ഒരുപോലെ രോഗരഹിതമായും ഉപയോഗക്ഷമമായും നിലനില്‍ക്കുന്ന അവസ്ഥയാണെന്ന്‌ നാം തിരിച്ചറിയുന്നു. മനുഷ്യശരീരം ഈശ്വരന്‍, മനുഷ്യജിവന്റെ ആവാസത്തിനായി അവന് സമ്മാനിച്ചതാണ്‌. അതിനാല്‍ ഒരു വ്യക്തിയുടെ ശാരീരിക ക്ഷമത അയാളുടെ ജീവിത സാഫല്യത്തിന്‌ പരമപ്രപധാനമാണ്‌.

“സ്വര്‍ണമോ വെള്ളിയോ അല്ല, ആരോഗ്യമാണ്‌ യഥാര്‍ത്ഥ സമ്പത്ത്‌" എന്ന ഗാന്ധിജിയുടെ വാക്കുകളും ആരോഗ്യപാലനം അത്യാവശ്യമാണ്‌ എന്ന വസ്തുത സുവ്യക്തമാക്കുന്നു.

“ശരീരമാദ്യം ഖലു ധര്‍മ്മസാധനം', “ജീവിത ധര്‍മ്മം നിറവേറ്റാന്‍ ആദ്യം ശരീരം വേണമല്ലോ" എന്നാണ്‌ പഞ്ചാഗ്നിമധ്യേ തപസുചെയ്യുന്ന ശ്രീപാര്‍വൃതിയോട്‌ പരമശിവന്‍ നല്‍കുന്ന ഉപദേശം.

മൂന്‍ കേന്ദ്ര കായികമന്ത്രി അജയ്മാക്കന്‍, ഒരിക്കല്‍, സംസ്ഥാന കായിക മ്രന്തിമാരുടെ സമ്മേളനത്തില്‍വച്ച്‌ ഞെട്ടിപ്പിക്കുന്ന ഒരു സത്യം വെളിപ്പെടുത്തി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക്‌ കായികക്ഷമത കുറയുന്നു എന്നും നല്ല ആരോഗ്യമുള്ളവരായി 14 ശതമാനം കൂട്ടികള്‍ മാത്രമേയുള്ളുവെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. ഈ മുന്നറിയിപ്പില്‍ അപകടകരമായ ചില വസ്തുതകള്‍ ഒളിഞ്ഞിരിപ്പുണ്ട്‌ എന്ന്‌ എല്ലാ വിദ്യാര്‍ഥികളും തിരിച്ചറിയണം.

കേരളത്തിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ ആരോഗ്യപാലനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന സത്യമാണ്‌ കേന്ദ്ര മന്ത്രി തുറന്നുകാട്ടിയത്. വളരുന്ന പ്രായത്തില്‍ ശരീരത്തിന്‌ വേണ്ടത്ര കായികക്ഷമത കൈവരിക്കാന്‍ നമുക്കു കഴിയണം. എല്ലാവരും കായികതാരങ്ങളാവണമെന്നല്ല, ഇതിന്റെയര്‍ത്ഥം. ശരീരത്തിന്റെ ആരോഗ്യം വ്യക്തിത്വത്തിന്റെ ജീവനാണ്‌. കാരണം, ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകു. അതിനാല്‍, എല്ലാ വിദ്യാലയങ്ങളിലും വ്യായാമവും ആരോഗ്യപാലനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നാണ്‌ കായികമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്‌.

നമുക്കു മുന്‍പുള്ള തലമുറയില്‍ വിദ്യാര്‍ഥികള്‍ കുടുതലും നടന്നാണ്‌ സ്‌കൂളിലെത്തിയിരുന്നത്‌. ഇന്ന്‌ എല്ലാ സ്‌കുളിനും തന്നെ സ്‌കൂള്‍ ബസും സ്വകാര്യ വാഹനങ്ങളുമുണ്ട് . വിദ്യാര്‍ഥികള്‍ക്ക്‌ ഇന്നു നടക്കേണ്ട ആവശ്യമില്ല. വീട്ടുമുറ്റത്തുനിന്ന്‌ സ്‌കൂള്‍ ബസിലേക്കും വൈകിട്ട്‌ ബസില്‍നിന്നിറങ്ങി വീട്ടിലേക്കുമുള്ള നടപ്പാണ്‌ പലരുടേയും ശരീരത്തിനു ലഭിക്കുന്ന വ്യായാമം.

പണ്ട് കിലോമീറ്ററുകള്‍ നടന്നാണ്‌ കൂട്ടികള്‍ സ്‌കൂളിലെത്തിയിരുന്നത്‌. ഇന്നും മലയോരമേഖലയില്‍ ധാരാളം കൂട്ടികള്‍ ദീര്‍ഘദൂരം നടന്ന്‌ പഠിക്കുന്നുണ്ട്‌. നടക്കുന്നത്‌ ഒറ്റയ്ക്കല്ല, കൂട്ടംകൂടി, കൂട്ടുകൂടി തമാശപറഞ്ഞ്‌ പൊട്ടിചിരിച്ച് , കാറ്റിനോടു ചാറ്റ്ചെയ്ത്‌, കിളികളെ കളിയാക്കി, പൂക്കളോടു പുന്നാരംചൊല്ലി, പുഴവെള്ളത്തില്‍ മിഴിയഴകുനോക്കി, നിഴലുകളില്‍ നിശ്വസിച്ച്‌, തണലുകളില്‍ താളമിട്ട്‌ നാടുനീളെ അയല്‍ക്കാരെ സൃഷ്ടിച്ച്‌, വിദ്യാലയത്തിലേക്കും തിരിച്ചുമുള്ള നല്ല നടപ്പുതന്നെ, പഴയ തലമുറയുടെ വിദ്യാഭ്യാസത്തിന്റെ നിയോഗം നിറവേറ്റിയിരുന്നു.

ഇന്നും വിദ്യാഭ്യാസം നടക്കുന്നുണ്ട് . വിദ്യാര്‍ഥികള്‍ നടക്കുന്നില്ല. “ശരീരത്തിന്‌ വ്യായാമം നല്‍കിയേ തീരു... ഏറ്റവും നല്ല വ്യായാമമാണ്‌ നടപ്പ് " എന്ന തോമസ്‌ ജെഫേഴസന്റെ വാക്കുകള്‍, എന്നും നടന്നു വ്യായാമം ചെയ്യുന്നവര്‍ക്കേ, മനസ്സിലാകൂ.
“നേരത്തേ ഉറങ്ങുക, നേരത്തേ ഉണരുക" എന്ന ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെ ആഹ്വാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബാധകമാണ്‌. ആവശ്യത്തിനു വ്യായാമം ലഭിക്കാത്ത ശരീരം വേഗം രോഗബാധിതമാകും. “ആരോഗ്യം സംരക്ഷിക്കുക എന്നത്‌ നിന്റെ കടമയും ധര്‍മ്മവുമാണ്‌. ആരോഗ്യമില്ലെങ്കില്‍ നീ വീടിനും നാടിനും ഒരു ഭാരമായിരിക്കും," എന്നാണ്‌ സാമുവല്‍ ജോണ്‍സണ്‍ പറയുന്നത്‌.

വ്യായാമം ചെയ്യുന്നതിന്റെ ഏഴു ഗുണങ്ങള്‍ ലോകാരോഗ്യസംഘടന പഠിപ്പിക്കുന്നുണ്ട്‌.

1 വ്യായാമം ശരീരഭാരം നിയന്ത്രിക്കുന്നു .
2 വ്യായാമം ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
3 രക്തചംക്രമണം വര്‍ധിപ്പിച്ച മനസിന്‌ ഉന്മേഷം നല്കുന്നു.
4 ശരീരത്തിന്‌ ശക്തിയേറ്റുന്നു.
5 നല്ല ഉറക്കം നല്‍കുന്നു.
6 പ്രകൃതിയുമായുള്ള ബന്ധം വളര്‍ത്തുന്നു.
7 വ്യായാമം സമുഹനിര്‍മിതിക്ക്‌ കാരണമാകുന്നു.

"ആരോഗ്യമാണ്‌ ഏറ്റവും വലിയ സമ്പത്ത് , ആത്മവിശ്വാസമാണ്‌ അരുമസുഹൃത്ത്‌" എന്ന്‌ ലോകത്തെ പഠിപ്പിച്ചത്‌ ചൈനീസ്‌ താത്വികനായ ലാവോത്സുവാണ്‌. “ചിലര്‍ സമ്പത്തുണ്ടാക്കുവാന്‍ ആരോഗ്യം നഷ്ടപ്പെടുത്തുന്നു. പിന്നീടവര്‍ ആരോഗ്യമുണ്ടാക്കുവാന്‍ സമ്പത്തെല്ലാം നഷ്ടപ്പെടുത്തുന്നു” എന്ന്‌ എ.ജെ. റെഡ്‌മാസ്ട്രി പറയുന്നത്‌ എത്ര ശരിയാണ്‌.

വീട്ടിലും വിദ്യാലയത്തിലും ശരീരത്തിന്‌ വ്യായാമം ലഭിക്കുന്ന കളികളും ജോലികളും നമ്മള്‍ ചെയ്യണം. ബേക്കറി ഭക്ഷണവും മാംസാഹാരവും നല്‍കുന്ന അമിതവണ്ണം കൊണ്ട്‌ കാലിന്റെ മുട്ടുചിരട്ട തേഞ്ഞുതീരുമെന്നല്ലാതെ ശരീരത്തിന്‌ ഒരു ഗുണവുമില്ല. ഐസക്‌ ബിക്കര്‍ പറയുന്നതുപോലെ, “രോഗിയായ രാജാവിനേക്കാള്‍ ഭേദം ആരോഗ്യമുള്ള ചെരുപ്പുകുത്തിയാണ്‌." വ്യായാമം ചെയ്യാത്ത കൂട്ടികള്‍ ചെറുപ്പത്തിലേ വൃദ്ധരാകുമ്പോള്‍, വ്യായാമം ചെയ്യുന്ന മുതിര്‍ന്നവര്‍ മനസില്‍ സദാ യവനവസന്തം വിരിയിക്കുന്നു. നമുക്കു ശരീരം രോഗവിമുക്തമാക്കാം.

ആരോഗ്യ ദൃഢഗാത്രരായി സമൂഹത്തിന്റെ സമ്പത്താകാം. വിശ്രുതനായ ഡെസിദേരിയസ്‌ ഇറാസ്മസിന്റെ മുന്നറിയിപ്പ്‌ എന്നുമോര്‍ക്കാം. "പ്രിവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യുവർ"

ഫാ. റോയി കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.

ഫാ. റോയി കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.