അബുദബി: കോവിഡ് സാഹചര്യത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അബുദബി ഇളവ് നല്‍കുന്നു. അടുത്ത ടേം മുതല്‍ സ്വകാര്യ സ്കൂളുകളിലെ കുട്ടികളെല്ലാവരും സ്കൂളുകളിലെത്തിയുളള പഠനം ആരംഭിക്കണമെന്ന് അഡെക്(അബുദബി ഡിപാർട്മെന്‍റ് ഓഫ് എഡ്യുക്കേഷന്‍ ആന്‍റ് നോളജ് ) നിർദ്ദേശം നല്‍കി.
സ്കൂളുകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. അടുത്തയാഴ്ച മുതല്‍ മിക്ക സ്കൂളുകളിലും അടുത്ത ടേം ആരംഭിക്കും. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ അടുത്ത അധ്യയന വർഷമാണ് ആരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കികൊണ്ടുളള നിർദ്ദേശങ്ങള്‍ സ്കൂളുകള്‍ക്ക് നല്‍കി കഴിഞ്ഞു.
സ്കൂളുകളിലെത്തുന്ന ആദ്യദിനം കുട്ടികള്‍ 96 മണിക്കൂറിനുളളിലെടുത്ത കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. അതിനുശേഷം വാക്സിനെടുക്കാത്ത 16 വയസും അതിന് മുകളിലുളളവരും മാത്രം ഏഴ് ദിവസത്തിനിടെ പരിശോധന ആവർത്തിക്കണം.
വാക്സിനെടുത്ത 16 വയസും അതിന് മുകളിലുളള കുട്ടികളും അധ്യാപകരും ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ പരിശോധന ആവർത്തിക്കണം. 16 വയസിന് താഴെയുളളവർ 30 ദിവസത്തിലൊരിക്കല്‍ പിസിആർ പരിശോധന നടത്തിയാല്‍ മതിയാകും.
സ്കൂളുകളില്‍ സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമല്ല. ഗ്രേഡ് 1 മുതല്‍ 12 വരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്ക് മാസ്ക് നിർബന്ധമാണ്.
സ്കൂളുകളിലേക്ക് തിരിച്ചെത്തുമ്പോഴുളള പിസിആർ പരിശോധന അബുദബി ഹെല്‍ത്ത് സർവ്വീസ് കമ്പനിയുടെ ഡ്രൈവ് ത്രൂ മുഖേന സൗജന്യമായി ചെയ്തു നല്‍കുന്നുണ്ട്. 12 വയസിന് താഴെയുളളക്ക് തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍ സലൈവ പരിശോധന നടത്താനുളള സൗകര്യവുമുണ്ട്. കേന്ദ്രങ്ങളുടെ പേരുകള്‍ അഡെക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്കൂളുകളിലെത്തുന്ന സന്ദർശകർക്ക് അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് നിർബന്ധമാണ്.
വാക്സിനെടുക്കാത്തവരാണെങ്കില്‍ 48 മണിക്കൂറിനുളളിലെ പിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം.
സ്കൂളുകളില്‍ ബബിള്‍ ക്ലാസ് റൂമുകള്‍ ആവശ്യമില്ല. 15 ശതമാനത്തിലധികം പേർക്ക് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചാല്‍ മാത്രം വിദൂര വിദ്യാഭ്യാസവും അടച്ചിടുന്നതുമടക്കമുളള നടപടികള്‍ ആലോചിക്കാം.
നിർദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ അഡെക് അധികൃതരുടെ പരിശോധനയുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.