കെ.വി തോമസിന്റെ ശരീരം കോണ്‍ഗ്രസിനൊപ്പവും മനസ് സിപിഎമ്മിലും; പുറത്താക്കല്‍ സാങ്കേതികം മാത്രമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

കെ.വി തോമസിന്റെ ശരീരം കോണ്‍ഗ്രസിനൊപ്പവും മനസ് സിപിഎമ്മിലും; പുറത്താക്കല്‍ സാങ്കേതികം മാത്രമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. കഴിഞ്ഞ കുറച്ച് കാലമായി കെ.വി തോമസിന്റെ ശരീരം കോണ്‍ഗ്രസിനൊപ്പവും മനസ് സിപിഎമ്മിലുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. എഐസിസി അധ്യക്ഷന്റെ തീരുമാനം ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച അദ്ദേഹത്തെ കോണ്‍ഗ്രസുകാരനായി കാണാന്‍ കഴിയില്ലെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

ഒരു ജന്മത്തില്‍ ഒരു വ്യക്തിക്ക് പാര്‍ട്ടിയെക്കൊണ്ട് നേടാവുന്നതെല്ലാം കെ.വി തോമസ് നേടിക്കഴിഞ്ഞു. എട്ട് വര്‍ഷം എംഎല്‍എ, അഞ്ച് വര്‍ഷം സംസ്ഥാനത്ത് സുപ്രധാനമായ ഒരു വകുപ്പ് കൈകാര്യം ചെയ്തു. 22 വര്‍ഷം പാര്‍ലമെന്റ് എം.പി, അഞ്ച് വര്‍ഷം കേന്ദ്ര മന്ത്രി. വിവിധ പാര്‍ട്ടി സ്ഥാനങ്ങള്‍ എന്നിങ്ങനെ നല്‍കിയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്റെ തീരുമാനം ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച തോമസ് ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ ഉണ്ടാകില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ദേശീയ താല്‍പര്യം സംരക്ഷിക്കാനെന്ന കെ.വി തോമസിന്റെ വാദത്തേയും അദ്ദേഹം തള്ളി.

ദേശീയതലത്തില്‍ ബിജെപിക്ക് ബദലായ ഒരു സഖ്യം രൂപീകരിക്കുമ്പോള്‍ അതിന്റെ നേതൃത്വം കോണ്‍ഗ്രസിനായിരിക്കണമെന്ന് വിവിധ കക്ഷികളും നേതാക്കളും ആവശ്യപ്പെടുന്നു. ഇതിന് വിരുദ്ധമായ അഭിപ്രായം പറയുന്നത് സിപിഎം മാത്രമാണ്. മതേതര കക്ഷികളുടെ സഖ്യത്തില്‍ കോണ്‍ഗ്രസ് വേണ്ടെന്ന് പറയുന്ന സിപിഎമ്മിനൊപ്പം സഹകരിക്കാന്‍ എങ്ങനെ കഴിയുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.