രാഷ്ട്രീയ തന്ത്രത്തിന് രസം കുറഞ്ഞു; പുതിയ മേച്ചില്‍പ്പുറം തേടി കെ വി തോമസ്

രാഷ്ട്രീയ തന്ത്രത്തിന് രസം കുറഞ്ഞു; പുതിയ മേച്ചില്‍പ്പുറം തേടി കെ വി തോമസ്

കൊച്ചി: വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ ആറുപതിറ്റാണ്ട് നീണ്ട കെ.വി തോമസിന്റെ കോണ്‍ഗ്രസ് രാഷ്ട്രീയ ജീവതത്തിന് വിരാമമാകുമെന്ന് ഏതാണ്ട് വ്യക്തമായിരിക്കുകയാണ്. നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചാല്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന കര്‍ശന താക്കീത് കെപിസിസി അധ്യക്ഷന്‍ കെ വി തോമസിന് നേരത്തെ നല്‍കിയിരുന്നു. എറണാകുളം കുമ്പളങ്ങിക്കാരന്‍ കുറുപ്പശേരി വര്‍ക്കി തോമസ് എന്ന കെ വി തോമസിന് പാര്‍ട്ടിയില്‍ തന്റെ സ്ഥാനത്തെക്കുറിച്ച് സംശയം തോന്നിത്തുടങ്ങിയടുത്താണ് വിലക്കുകള്‍ അപ്രസക്തമായത്.

തേവര എസ് എച്ച് കോളജിലെ കെമിസ്ട്രി അധ്യാപകനായിരുന്ന തോമസിന് കോണ്‍ഗ്രസ് രാഷ്ടീയത്തിലെ ഏതു പ്രതിസന്ധി ഘട്ടത്തേയും തന്റെ വരുതിയിലാക്കാന്‍ കഴിയുന്ന രസതന്ത്രം അടുത്ത കാലം വരെ നല്ല വശമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി അടക്കമുളള പുതു തലമുറ കോണ്‍ഗ്രസ് നേതൃനിരയിലേയ്ക്ക് വന്നതോടെ കെ വി തോമസിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രസം പോരാതെ വരികയായിരുന്നു.

കെ വി തോമസ് 84 മുതല്‍ 96 വരെയും 2009 മുതല്‍ 2019 വരെയും 22 വര്‍ഷം ലോക്‌സഭാംഗമായി. 2009ല്‍ കേന്ദ്ര ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായി. 2001 മുതല്‍ 2009 വരെ എറണാകുളത്തു നിന്ന് നിയമസഭാംഗമായി. സംസ്ഥാനത്തെ എക്‌സൈസ്, ഫീഷറീസ്, ടൂറിസം മന്ത്രിയായി. അധികാരത്തിന്റെ രസതന്ത്രം നന്നായി അറിയാമായിരുന്ന കെ കരുണാകരന്റെ രാഷ്ട്രീയ കളരിയില്‍ നിന്നാണ് കെ വി തോമസിന്റെയും വരവ്.

കരുണാകരന്റെ എറണാകുളത്തെ വലം കൈയ്യായി മാറിയതോടെ അധികാര രാഷ്ടീയം കെ വി തോമസിനെയും ബാധിച്ചു. ലത്തീന്‍ സമുദായത്തിന് ഭൂരിപക്ഷമുളള എറണാകുളത്ത് അവരിലേക്കുളള കോണ്‍ഗ്രസിന്റെ പാലമായി കെ വി തോമസ് മാറി. ഇടക്കാലത്ത് ചാരക്കേസില്‍ കാലിടറിയെങ്കിലും തിരിച്ചു വന്നു. സോണിയാ ഗാന്ധിയുടെ ഡല്‍ഹിയിലെ പത്ത് ജന്‍പഥില്‍ എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാനുളള സ്വാതന്ത്യം തോമസിന് തന്റെ പദവികള്‍ നിലനിര്‍ത്താന്‍ കാലങ്ങളോളം തുണയായി.

എന്നാല്‍ രാഹുല്‍ യുഗം വന്നതോടെ തോമസിന് കാലിടറുകയായിരുന്നു. സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കിയിട്ടും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ വി തോമസിനെ ഒഴിവാക്കി. ഇതോടെയാണ് തോമസ് കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങളുമായി അകല്‍ച്ച തുടങ്ങിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റിനായി പരിശ്രമിച്ചെങ്കിലും പരിഗണിച്ചില്ല. ഇക്കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിലും തോമസിന്റെ അനുഭവ സമ്പത്തിന് എഐസിസി മുഖം കൊടുത്തില്ല. ഇടക്കാലത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാക്കിയെങ്കിലും പിന്നീട് ആ കസേരയും തെറിച്ചു.

2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടതു മുതലാണ് 76കാരനായ തോമസിന് ഇനി നിന്നിട്ട് എന്തുകാര്യം എന്ന് തോന്നിത്തുടങ്ങിയത്. അന്നു മുതലാണ് ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ കൂടുവിട്ട് കുടുമാറ്റം നടത്തുമെന്ന പ്രചാരണവും ശകതമായത്.

നരേന്ദ്രമോഡിയെ മികച്ച മാനേജ്‌മെന്റ് വിദഗ്ധനെന്നും സില്‍വര്‍ ലൈന്‍ അടക്കമുളള വികസന പദ്ധതികളെ കണ്ണടച്ച് എതിര്‍ക്കരുതെന്നും തുറന്നു പറഞ്ഞതോടെയാണ് കോണ്‍ഗ്രസിന്റെ വഴിക്കല്ല കെ വി തോമസിന്റെ രാഷ്ടീയ ലൈന്‍ എന്ന് കൂടുതല്‍ വ്യക്തമാകുകയായിരുന്നു. യെച്ചൂരിയും കാരാട്ടും പിണറായി വിജയനും അടക്കമുളള മുന്‍നിര സിപിഎം നേതാക്കളുമായുളള അടുപ്പവും കെ വി തോമസ് സിപിഎമ്മിലേക്കെന്ന പ്രചാരണത്തിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലം മുതല്‍ ആക്കം കൂടിയിരുന്നു.

അടുത്തകാലത്തായി കോണ്‍ഗ്രസില്‍ സജീവമല്ലാത്ത കെ വി തോമസിന് തന്റെ രാഷ്ടീയ പ്രസക്തി നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ എക്കാലവും അധികാര രാഷ്ട്രീയത്തെിന്റെ സ്വാദ് നുകരാന്‍ ഇഷ്ടപ്പെടുന്ന കെ വി തോമസ് ഒന്നും കാണാതെ എവിടേയ്‌ക്കെങ്കിലും ചേക്കേറില്ലെന്ന് വ്യക്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.