മാനന്തവാടി: മാനന്തവാടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധുവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഓഫീസിലുണ്ടായ പ്രശ്‌നങ്ങള്‍ തന്നെയെന്ന് സൂചന. ബുധനാഴ്ച രാവിലെയാണ് സഹോദരന്‍ പി.എ ജോസിന്റെ വീട്ടിലെ മുറിയില്‍ സിന്ധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയ് മുമ്പ് പ്രത്യേക കുറിപ്പുകളൊന്നും സിന്ധു എഴുതിയിട്ടില്ലെങ്കിലും ആത്മഹത്യാകുറിപ്പെന്ന് കരുതാവുന്ന 20 പേജ് വരുന്ന ഡയറിക്കുറിപ്പുകള്‍ കണ്ടെത്തി. ഈ ഡയറിക്കുറിപ്പൊക്കെ വ്യക്തമാകുന്നത് സിന്ധു അനുഭവിച്ച മാനസിക സമ്മര്‍ദങ്ങളാണ്.
സിന്ധുവിന്റെ ഡയറിയും ലാപ്‌ടോപ്പും ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡയറിക്കുറിപ്പ് മൊബൈലില്‍ പകര്‍ത്താന്‍ സഹോദരനെ അനുവദിച്ചിരുന്നു. എന്നാല്‍ ഇത് പുറത്തുവിടാന്‍ സഹോദരങ്ങളായ പി.എ ജോസും നോബിളും ഇതുവരെ തയ്യാറായിട്ടില്ല. ഡയറിക്കുറിപ്പുകളില്‍ പലരുടെയും പേര് പരാമര്‍ശിച്ചിട്ടുണ്ട്. തങ്ങളായി അത് പുറത്തറിയിച്ച് അവരുടെ കുടുംബത്തിന് കൂടി മോശം വരുത്തേണ്ടെന്ന നിലപാടിലാണ് സിന്ധുവിന്റെ സഹോദരങ്ങള്‍.
ഓഫീസില്‍ സിന്ധുവിന് അനുകൂലമായി നിന്ന സഹപ്രവര്‍ത്തകരുടെയും പേരുകള്‍ കുറിപ്പിലുണ്ട്. ഇവരുടെ പേര് പുറത്തറിഞ്ഞാല്‍ അവര്‍ക്കും ഭീഷണിയുണ്ടാകുമെന്ന് ബന്ധുക്കള്‍ കരുതുന്നു. ജോലി പോകുമെന്ന ഭയമാണ് സിന്ധുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പുകളിലൂടെ വ്യക്തമാണ്.
സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആര്‍.ടി.ഒയെ ധരിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. പരാതി എഴുതി നല്‍കാന്‍ ആര്‍.ടി.ഒ. ആവശ്യപ്പെട്ടതായി സിന്ധുവിന്റെ കുറിപ്പിലുണ്ട്. ഇത് തന്റെ ജോലിയെ ബാധിക്കുമെന്നതിനാലാണ് സിന്ധു പരാതി എഴുതി നല്‍കാന്‍ തയ്യാറാകാഞ്ഞത്.
സിന്ധു ആര്‍.ടി.ഒയെ കണ്ട് തിരിച്ചെത്തിയ ശേഷം ഓഫീസിലെ ചില സഹപ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്നും കുറിപ്പിലുണ്ട്. 'ജോലിയിലുണ്ടെങ്കിലല്ലേ പരാതിയുമായി പോകൂ' എന്ന് ചിലര്‍ പറഞ്ഞതായാണ് സിന്ധു എഴുതിയിട്ടുള്ളത്. ഓഫീസിന്റെ മേലധികാരിയായ ജോയന്റ് ആര്‍.ടി.ഒ.യുടെയും സഹപ്രവര്‍ത്തകരായ രണ്ടു വനിതാജീവനക്കാരുടെയും പേരും ഡയറിക്കുറിപ്പിലുണ്ട്.
കൈക്കൂലി വാങ്ങുന്നവരും വാങ്ങാത്തവരും എന്ന രീതിയില്‍ രണ്ടു വിഭാഗങ്ങള്‍ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് സിന്ധുവിന്റെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നത്. കൈക്കൂലിക്കെതിരേയുള്ള സിന്ധുവിന്റെ അമര്‍ഷം കുറിപ്പുകളില്‍ ഉടനീളമുണ്ട്. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവരാണെങ്കില്‍ നിങ്ങള്‍ കൈക്കൂലി വാങ്ങാനും പരിശീലിക്കണമെന്ന് സിന്ധു പരിഹാസ രൂപേണ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
സഹോദരങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന ഉപദേശം എന്ന രീതിയിലാണ് ഇങ്ങനെ എഴുതിയിട്ടുള്ളത്. ഓഫീസിലുണ്ടായ മോശം അനുഭവങ്ങളാണ് ആത്മഹത്യാകുറിപ്പിന് സമാനമായ ഡയറിക്കുറിപ്പുകളെഴുതാന്‍ സിന്ധുവിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.