ഹാക്കര്‍ സായി ശങ്കര്‍ അറസ്റ്റില്‍: പിടികൂടിയത് ഒളിവില്‍ കഴിയുന്നതിനിടെ; ദിലീപിന് കുരുക്ക് മുറുകുന്നു

ഹാക്കര്‍ സായി ശങ്കര്‍ അറസ്റ്റില്‍: പിടികൂടിയത് ഒളിവില്‍ കഴിയുന്നതിനിടെ; ദിലീപിന് കുരുക്ക് മുറുകുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായി ശങ്കറെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നടന്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച കേസിലെ ഏഴാം പ്രതിയാണ് സായിശങ്കര്‍. ഇയാളെ നേരത്തേ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെ വീട്ടില്‍ പരിശോധനയും നടത്തിയിരുന്നു. സായി ശങ്കര്‍ ദിലീപിന്റെ ഫോണിലെ രേഖകള്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണ് മായ്ച്ചത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിന് തൊട്ടു പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാള്‍ രംഗത്തെത്തിയിരുന്നു. വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഇയാളുടെ പ്രധാന ആരോപണം. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഇയാള്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചെന്ന ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഫോണില്‍ നിന്ന് ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കൂട്ടുപ്രതികളുടെ പങ്കാളിത്തവും ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

കൂടാതെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്നും അതോടൊപ്പം ഫോറന്‍സിക് പരിശോധനാ ഫലം മുഴുവന്‍ ലഭിച്ച ശേഷം ദിലീപിന്റെ സഹോദരന്‍ അനൂപ്, സുരാജ് എന്നിവരെയും ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കാവ്യ ചെന്നൈയിലാണെന്നും അടുത്ത ആഴ്ച എത്തുമെന്നുമാണ് മറുപടി ലഭിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം തേടി ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം ഏപ്രില്‍ 15ന് നകം തുടരന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നും ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ഈ കാലാവധിക്കകം പൂര്‍ണമായും ലഭിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.