സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ പേമാരിയെതുടര്‍ന്നുള്ള ദുരിതത്തിന്റെ തീവ്രത വര്‍ധിക്കുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ പ്രധാന റോഡുകളിലും പാലങ്ങളിലും ഗതാഗതം നിലച്ചു. വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. നിരവധി പേര്‍ വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേക്കു മാറിയപ്പോള്‍ വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ ദുരിതത്തിലാണ്. വെള്ളപ്പൊക്കത്തിലകപ്പെട്ട ഒരാളുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.
മഴ തുടരുന്നതിനാല്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തുടനീളമുള്ള 150-ലധികം സ്‌കൂളുകള്‍ അടച്ചു.
വെള്ളം ഉയര്‍ന്നതോടെ നോര്‍ത്ത് റിച്ച്മണ്ട് പാലം പൂര്‍ണമായും മുങ്ങി. വിന്‍ഡ്സര്‍ പാലം അടച്ചു. സിഡ്നി മേഖലയില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ പരിസരങ്ങളില്‍ താമസിക്കുന്ന കൂടുതല്‍ പേരോട് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിറ്റ് ടൗണ്‍ ബോട്ടംസ്, ലീറ്റ്സ് വേല്‍, സാക്ക്വില്ലെ നോര്‍ത്ത്, എബനേസര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഹോക്സ്ബറി നേപ്പിയന്‍ നദീതീരങ്ങളിലുള്ളവര്‍ക്കും മുന്നറിയിപ്പുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ വാരഗംബ ഡാം വീണ്ടും കവിഞ്ഞൊഴുകി.
ഇന്നു രാവിലെ എട്ടു മണിയോടെയാണ് സിഡ്നിക്കു സമീപമുള്ള കോബിറ്റിയില്‍ വെള്ളപ്പൊക്കത്തില്‍പെട്ട വാഹനത്തില്‍നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
സിഡ്നിയിലെ മോണ വെയ്ല്‍ മേഖലയില്‍ ഇന്നു രാവിലെ എട്ടു മണി വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 74 മില്ലിമീറ്ററും അടുത്തുള്ള ക്രോമറില്‍ 70 മില്ലീമീറ്ററും മഴ ലഭിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് 38 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. സഹായത്തിനായി 1,299 ഫോണ്‍ കോളുകളാണു ലഭിച്ചത്.
സിഡ്നിയുടെ കൂടുതല്‍ മേഖലകളില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വക്താവ് പറഞ്ഞു.
കഴിഞ്ഞ മാസം പെയ്ത മഴയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ലിസ്മോര്‍ മേഖലയും ആശങ്കയിലാണ്. ഒരു മാസത്തിനകം ഇതു രണ്ടാം തവണയാണ് സിഡ്‌നി രൂക്ഷമായ മഴക്കെടുതി നേരിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.