ആലപ്പുഴ മുന്‍ മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ദിവംഗതനായി

ആലപ്പുഴ മുന്‍ മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ദിവംഗതനായി

ആലപ്പുഴ: ആലപ്പുഴ രൂപത മുന്‍ മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (77) ദിവംഗതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി 8:15 ന് അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍ വിസിറ്റേഷന്‍ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം വിട വാങ്ങിയത്. മൃത സംസ്‌കാര കര്‍മങ്ങള്‍ ചൊവ്വാഴ്ച ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ നടക്കും.

ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലിന് അടുത്തുള്ള ചേന്നവേലി എന്ന തീരദേശ ഗ്രാമത്തില്‍ 1944 മേയ് 18 നാണ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ജനിച്ചത്. ചേര്‍ത്തല സേക്രട്ട് ഹാര്‍ട്ട് മൈനര്‍ സെമിനാരിയിലും പൂന പേപ്പല്‍ സെമിനാരിയിലുമാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്.

1969 ഒക്ടോബര്‍ അഞ്ചിന് വൈദികനായി അഭിഷിക്തനായി. ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ സഹ വികാരിയായും ഓമനപ്പുഴ പള്ളിയില്‍ വികാരിയായും പ്രവര്‍ത്തിച്ചു.

ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ അധ്യാപകനായും ചേര്‍ത്തല സേക്രട്ട് ഹാര്‍ട്ട് മൈനര്‍ സെമിനാരിയില്‍ റെക്ടറായും സേവനമനുഷ്ഠിച്ച അദേഹം ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് ഹൈസ്‌കൂള്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2000 നവംബര്‍ 16 ന് ബിഷപ് പീറ്റര്‍ ചേനപ്പറമ്പില്‍ പിതാവിന്റെ പിന്‍ഗാമിയായി കോ അഡ്ജുത്തോര്‍ ബിഷപ്പായി നിയമിതനായി. 2001 ഫെബ്രുവരി 11 മെത്രനായി അഭിഷിക്തനായി. 2001 ഡിസംബര്‍ ഒന്‍പതിന് ചേനപ്പറമ്പില്‍ പിതാവിന്റെ പിന്‍ഗാമിയായി ആലപ്പുഴ രൂപതയുടെ മെത്രാനായി സ്ഥാനാരോഹണം ചെയ്തു.

52 വര്‍ഷക്കാലം പുരോഹിത ശുശ്രൂഷ ചെയ്ത സ്റ്റീഫന്‍ പിതാവ് 21 വര്‍ഷം മെത്രാനായി ആലപ്പുഴ രൂപതയെ നയിച്ചു. 2019 ഒക്ടോബര്‍ 11 ന് സജീവ അജപാലന ശുശ്രൂഷയില്‍ നിന്നും വിരമിച്ചു.

ആലപ്പുഴ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ ഡയറക്ടറായിരുന്നു. തീരമേഖലയുടെ സമഗ്ര വികസനത്തിനായി കെആര്‍എല്‍സിസി 'കടല്‍' എന്ന സംഘടനയ്ക്ക് രൂപം നല്‍കിയപ്പോള്‍ അതിന്റെ ചെയര്‍മാനായി ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉജ്ജ്വല നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.