അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 10
സ്‌പെയിനിലെ കാറ്റലോണിയയില്‍ 1591 ലാണ് വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ് ജനിച്ചത്. വിശുദ്ധന് ആറ് വയസുള്ളപ്പോള്‍ തന്നെ അദ്ദേഹം തന്റെ മാതാപിതാക്കളോട് ഒരു സന്യാസിയാകുവാനുള്ള ആഗ്രഹം അറിയിച്ചിരുന്നു.
മാത്രമല്ല അദ്ദേഹം വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ വലിയ തോതില്‍ തന്നെ അനുകരിച്ചിരുന്നു. മാതാപിതാക്കളുടെ മരണത്തിനു ശേഷം മൈക്കല്‍ ഒരു വ്യാപാരിയുടെ സഹായിയായി കുറച്ചുകാലം ജോലി ചെയ്തു. എന്നിരുന്നാലും അസാധാരണമായ ഭക്തിയോടും വിശ്വാസത്തോടും കൂടിയ ജീവിതമായിരുന്നു അദ്ദേഹം തുടര്‍ന്നിരുന്നത്.
1603 ല്‍ മൈക്കല്‍ ബാഴ്‌സിലോണയിലെ ട്രിനിറ്റാരിയന്‍ ഫ്രിയാര്‍സ് സഭയില്‍ ചേരുകയും 1607 ല്‍ സര്‍ഗോസയിലെ വിശുദ്ധ ലാംബെര്‍ട്ടിന്റെ ആശ്രമത്തില്‍ വെച്ച് സന്യാസവൃതം സ്വീകരിക്കുകയും ചെയ്തു. പിന്നീട് മൈക്കല്‍ ട്രിനിറ്റാറിയാന്‍ സഭയുടെ നവീകരിച്ച വിഭാഗത്തില്‍ ചേരുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അതിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു.
തുടര്‍ന്ന് വിശുദ്ധന്‍ മാഡ്രിഡിലെ നോവീഷ്യറ്റിലേക്കയക്കപ്പെട്ടു. സെവില്ലേയിലും സലാമാന്‍കായിലുമായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിക്കുകയും രണ്ടു പ്രാവശ്യം വല്ലഡോളിഡിലെ ആശ്രമത്തിലെ സുപ്പീരിയര്‍ ആയി സേവനം ചെയ്യുകയും ചെയ്തു.
വിശുദ്ധ കുര്‍ബ്ബാനയോടുള്ള മൈക്കലിന്റെ ഭക്തിയും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്ന വേളയില്‍ അദ്ദേഹത്തിനുണ്ടാവാറുള്ള ആത്മീയ ഉണര്‍വും മൂലം ഒരു വിശുദ്ധനായിട്ട് തന്നെയായിരുന്നു അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ മൈക്കലിനെ പരിഗണിച്ചിരുന്നത്. 1625 ഏപ്രില്‍ 10 ന് തന്റെ മുപ്പത്തഞ്ചാമത്തെ വയസില്‍ മൈക്കല്‍ മരണമടഞ്ഞു. 1862 ല്‍ പിയൂസ് ഒമ്പതാമന്‍ പാപ്പാ മൈക്കല്‍ ഡി സാന്‍ക്റ്റിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ പേരില്‍ നിരവധി ആത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു.
റോമന്‍ രക്തസാക്ഷി പട്ടികയില്‍ വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസിനെ ''അസാമാന്യമായ നിഷ്‌കളങ്ക ജീവിതത്തിന്റെ ഉടമ, അതിശയിപ്പിക്കുന്ന അനുതാപി, ദൈവസ്‌നേഹത്തിന്റെ ഉദാത്ത മാതൃക'' എന്നിങ്ങനെയാണ് പരമര്‍ശിച്ചിട്ടുള്ളത്. അപാരമായ വിശുദ്ധിയോട് കൂടിയ ജീവിതം നയിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹമെന്ന കാര്യം വിശുദ്ധന്റെ ജീവിതത്തിലെ ആദ്യ കാലങ്ങളില്‍ തന്നെ വ്യക്തമായിരുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. പേഴ്‌സ്യയിലെ ബഡെമൂസ്
2. ബെയോക്കായും എത്തോറും
3. ചാര്‍ത്രേ ബിഷപ്പായ ഫുള്‍ബെര്‍ട്ട്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.