എം.​സി ജോ​സ​ഫൈ​ന്‍ അന്തരിച്ചു; മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും

എം.​സി ജോ​സ​ഫൈ​ന്‍ അന്തരിച്ചു; മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും

ക​ണ്ണൂ​ര്‍​:​ ​ മുതിർന്ന നേതാവും സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗവുമായ ​എം.​സി ജോ​സ​ഫൈ​ന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും. ജോസഫൈന്റെ ആഗ്രഹപ്രകാരമാണിത്.

ഇന്നലെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്​ ​വേ​ദി​യി​ല്‍​ ​കു​ഴ​ഞ്ഞു​ ​വീ​ണ​തി​നെ​ ​തു​ട​ര്‍​ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു.

വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയാണ്. 2017 മെയ് മാസത്തിലാണ് എം.സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിതയായത്. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2021 ജൂണില്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. സ്ഥാനമൊഴിയാന്‍ എട്ട് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു സിപിഎം ആവശ്യപ്പെട്ടത് പ്രകാരം രാജി പ്രഖ്യാപിച്ചത്.

വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ജിസിഡിഎ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായാണ് എംസി ജോസഫൈന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ചാലക്കുടി സ്‌പെന്‍സര്‍ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങൾക്ക് വേണ്ടി ജോലി രാജിവെച്ചു.

പരേതനായ പള്ളിപ്പാട്ട്‌ പി എ മത്തായിയാണ്‌ ഭര്‍ത്താവ്‌. മകന്‍: മനു പി മത്തായി. മരുമകള്‍: ജ്യോത്സന. പേരക്കുട്ടികള്‍: മാനവ്‌ വ്യാസ്‌, കണ്ണകി വ്യാസ്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.