സെമിനാറില്‍ പങ്കെടുക്കാന്‍ കാരണം കെ സുധാകരന്റെ ഭീഷണി; വിഷയത്തില്‍ ന്യായീകരണവുമായി കെ. വി തോമസ്

സെമിനാറില്‍ പങ്കെടുക്കാന്‍ കാരണം കെ സുധാകരന്റെ ഭീഷണി; വിഷയത്തില്‍ ന്യായീകരണവുമായി കെ. വി തോമസ്

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഭീഷണിപ്പെടുത്തിയെന്ന് കെ.വി തോമസ്. അതിനാലാണ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്നാണ് തോമസിന്റെ ന്യായീകരണം. സെമിനാറില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് കെ.വി തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

ഈ വിഷയത്തില്‍ പറയാനുള്ളതെല്ലാം താന്‍ പറഞ്ഞതാണെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യമനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും തോമസ് വ്യക്തമാക്കി. മാര്‍ച്ച് ആദ്യ ആഴ്ചയാണ് സീതാറാം യച്ചൂരി സെമിനാറിലേക്കു തന്നെ ക്ഷണിക്കുന്നത്. തന്നെയും ശശി തരൂരിനെയുമാണ് വിളിച്ചത്. അന്നുതന്നെ കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തയച്ചുവെന്നും കെ.വി തോമസ് വ്യക്തമാക്കി. ദേശീയ തലത്തില്‍ ബിജെപി ഇതര പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കുന്ന കാലമാണിത്. ഇതൊരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യത്തെ കോണ്‍ഗ്രസുകാരനൊന്നുമല്ല താനെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ചടങ്ങിനു പോകുന്നില്ലെന്ന് പിന്നീട് അറിയിച്ചു. ഡല്‍ഹിയില്‍വച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സോണിയ ഗാന്ധിയെ കണ്ട് തരൂര്‍ സെമിനാറില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.