തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. ബൈപാസുകളിലൂടെ യാത്ര ചെയ്യുന്ന ദീര്‍ഘദൂര സര്‍വീസുകളും ഒപ്പം തുടങ്ങുന്നുണ്ട്. വൈകിട്ട് അഞ്ചിന് തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്യും.
മന്ത്രി ആന്റണി രാജു അധ്യക്ഷനാവും. മന്ത്രിമാരായ എം.വി ഗോവിന്ദന്‍, വി ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ശശി തരൂര്‍ എം.പി, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും പങ്കെടുക്കും. പൊതു ഗതാഗതത്തിന് പുതുയുഗം എന്ന ആശയത്തോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്. 5.30 മുതല്‍ ബെംഗളൂരുവിലേക്കുളള എസി വോള്‍വോയുടെ നാല് സ്ലീപ്പര്‍ സര്‍വീസുകളും ആറിന് ശേഷം തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപാസ് റൈഡര്‍ സര്‍വീസുകളുമാണ് ആദ്യദിനം നടത്തുക.
12ന് വൈകിട്ട് 5.30ന് ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള മടക്ക സര്‍വീസ് ബെംഗളൂരുവില്‍ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരുവില്‍ നിന്നുള്ള കേരളയാത്രയ്ക്ക് ആദ്യദിനം തന്നെ മുഴുവന്‍ സീറ്റുകളിലേക്കും ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ടിക്കറ്റ് തീര്‍ന്നു.
12, 13 തീയതികളില്‍ ബെംഗളൂരുവില്‍ നിന്നുള്ള തിരുവനന്തപുരം, എറണാകുളം സര്‍വീസുകളുടെ ടിക്കറ്റുകളാണു പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ടത്. വിഷു, ഈസ്റ്റര്‍ തിരക്കനുസരിച്ചു കൂടുതല്‍ സര്‍വീസുകള്‍ ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.