ക്ഷമിക്കുന്നതില്‍ ദൈവം മടുക്കുന്നില്ല; ദൈവകരുണ നമുക്കായി കാത്തിരിക്കുന്നുവെന്നു ഫ്രാന്‍സിസ് പാപ്പാ

ക്ഷമിക്കുന്നതില്‍ ദൈവം മടുക്കുന്നില്ല; ദൈവകരുണ  നമുക്കായി കാത്തിരിക്കുന്നുവെന്നു ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: അക്രമാസ്‌കതവും പീഡിതവുമായ സാഹചര്യങ്ങളിലൂടെ ലോകം കടന്നുപോകുമ്പോഴും ദൈവകരുണ നമുക്കായി കാത്തിരിക്കുന്നുവെന്നും യേശുവിനൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ ഇനിയും സമയം വൈകിയിട്ടില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച്ച ഓശാനപ്പെരുന്നാള്‍ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കിയ ശേഷം വത്തിക്കാനിലെ സെന്റ് ബസിലിക്ക ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ലോക ജനതയെ രൂക്ഷമായി ബാധിച്ച കോവിഡ് മഹാമാരിക്കു ശേഷം ഇതാദ്യമായാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കുള്ളില്‍ ഇത്രയധികം വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്.

കാല്‍വരിയില്‍ രണ്ട് ചിന്താധാരകള്‍ ഏറ്റുമുട്ടിയ, സുവിശേഷ ഭാഗം പരാമര്‍ശിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. ക്ഷമയെക്കുറിച്ചുള്ള ക്രൂശിതനായ യേശുവിന്റെ വാക്കുകള്‍ അവിടുത്തെ ക്രൂശിച്ചവരുടെ വാക്കുകളില്‍നിന്ന് ഏത്രത്തോളം വിഭിന്നമാണെന്ന് വിശുദ്ധ ലൂക്കായുടെ സുവിശേഷം 23-ാം അദ്ധ്യായത്തില്‍ കാണാനാകും.

'പിതാവേ, അവരോട് ക്ഷമിക്കേണമേ'


'സ്വയം രക്ഷിക്കൂ' എന്നാണ് യേശുവിനെ കരിശിലേറ്റിയവര്‍ പറഞ്ഞത്. ഇവന്‍ ദൈവത്തിന്റെ ക്രിസ്തു ആണെങ്കില്‍, അവിടുന്ന് തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ എന്ന് പ്രമാണികള്‍ പരിഹസിച്ചു പറഞ്ഞു. നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക എന്ന് പടയാളികളും പറഞ്ഞു.

കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവനും പറഞ്ഞത് നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക എന്നാണ്. ഇത്തരത്തില്‍ സ്വയം രക്ഷിക്കുക, മറ്റുള്ളവരെക്കുറിച്ച് ആലോചനയില്ലാതെ സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുക, സ്വന്തം വിജയം, സ്വന്തം താല്‍പ്പര്യങ്ങള്‍-കര്‍ത്താവിനെ ക്രൂശിച്ച ലോകത്തിന്റെ നിരന്തരമായ പല്ലവിയാണിത്.

ഈ സ്വയം കേന്ദ്രീകൃത ചിന്തയ്ക്ക് എതിരേ ദൈവം എങ്ങനെ ചിന്തിക്കുന്നു എന്ന് മാര്‍പാപ്പ പ്രത്യേകമായി സുവിശേഷ ഭാഗത്തിലൂടെ ചൂണ്ടിക്കാട്ടി. കര്‍ത്താവ് സ്വയം പ്രതിരോധിക്കുകയോ ന്യായീകരിക്കുകയോ ചെയ്തില്ല. പകരം, അവിടുന്ന് നല്ല കള്ളനോട് കരുണ കാണിക്കണമേ എന്നു പിതാവിനോട് പ്രാര്‍ത്ഥിച്ചു. ക്രൂശില്‍ ഏറ്റവും കഠിനവും അസഹനീയവുമായ ശാരീരിക വേദനയില്‍ കിടക്കുമ്പോള്‍ പോലും 'പിതാവേ, അവരോട് ക്ഷമിക്കേണമേ' എന്ന് ഉരുവിട്ടു.

അത്തരം സന്ദര്‍ഭങ്ങളില്‍ നാം നിലവിളിക്കുകയും അതികഠിനമായ കോപവും കഷ്ടപ്പാടുകളും പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ യേശു പറഞ്ഞത് ഇപ്രകാരമാണ്: പിതാവേ, അവരോട് ക്ഷമിക്കേണമേ.

യേശു, തന്നെ ക്രൂശിച്ചവരെ ശാസിക്കുകയോ ദൈവനാമത്തില്‍ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്തില്ല, പകരം ആ ദുഷ്പ്രവര്‍ത്തിക്കാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ദൈവം നമുക്കു വേണ്ടിയും ഇതുതന്നെ ചെയ്യുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു.

'നമ്മുടെ പ്രവൃത്തികളാല്‍ നാം കഷ്ടതയുണ്ടാക്കുമ്പോള്‍ ദൈവത്തിനും ക്ലേശതയുണ്ടാകുന്നു. എന്നിട്ടും നമ്മോട് ക്ഷമിക്കണമെന്ന ഒരേയൊരു ആഗ്രഹമേ അവിടുത്തേയ്ക്കുള്ളൂ.

കുരിശില്‍ കിടക്കുന്ന ഈശോയെ നമുക്ക് നോക്കാം. അവന്റെ വേദനാജനകമായ മുറിവുകളില്‍ നിന്ന്, നമ്മുടെ പാപം മൂലമുണ്ടാകുന്ന രക്തപ്രവാഹങ്ങളില്‍ നിന്നാണ് പാപമോചനം ഒഴുകുന്നത്. ഇത്രയും സൗമ്യവും അനുകമ്പയും ആര്‍ദ്രതയും നിറഞ്ഞ ഒരു നോട്ടത്തോടെ ആരും നമ്മെ നോക്കിയിട്ടില്ല. അതിലും സ്‌നേഹത്തോടെയുള്ള ആലിംഗനം നമുക്ക് ലഭിച്ചിട്ടില്ലെന്നു കാണാം.

ക്രൂശിതനായ കര്‍ത്താവിനെ നോക്കി നമുക്ക് ഇങ്ങനെ പറയാം: 'നന്ദി, യേശുവേ എന്നെത്തന്നെ സ്‌നേഹിക്കാനും ക്ഷമിക്കാനും എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയങ്ങളില്‍ പോലും അവിടുന്ന് എന്നെ സ്‌നേഹിക്കുകയും എപ്പോഴും ക്ഷമിക്കുകയും ചെയ്യുന്നു.

വേദനയുടെ പാരമ്യത്തില്‍ പോലും യേശു അവിടുത്തെ കല്‍പ്പനകള്‍ അനുസരിച്ചു, ശത്രുക്കളെ സ്‌നേഹിക്കുക എന്ന കല്‍പന.

ദൈവം, ഓരോ വ്യക്തിയിലും ഒരു മകനെയോ മകളെയോ കാണുന്നു. കര്‍ത്താവ് നമ്മെ നല്ലതും ചീത്തയും സുഹൃത്തുക്കളും ശത്രുക്കളും എന്നു വേര്‍തിരിക്കുന്നില്ല. നാമാണ് ഇങ്ങനെ വേര്‍തിരിക്കുന്നത്. അതിലൂടെ ദൈവത്തെ വേദനിപ്പിക്കുന്നു.

അവിടുത്തെ സംബന്ധിച്ചിടത്തോളം, നാം എല്ലാവരും അവിടുത്തെ പ്രിയപ്പെട്ട മക്കളാണ്. നമ്മെ ആലിംഗനം ചെയ്യാനും ക്ഷമിക്കാനും അവിടുന്ന് ആഗ്രഹിക്കുന്ന മക്കള്‍.

'പിതാവേ, അവരോടു ക്ഷമിക്കേണമേ: അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല'. ക്രൂശില്‍ തറച്ചപ്പോള്‍ യേശുവിന്റെ ചുണ്ടുകളിലും ഹൃദയത്തിലും ഈ വാക്കുകളായിരുന്നു. നമ്മോട് ക്ഷമിക്കുന്നതില്‍ ദൈവം ഒരിക്കലും തളരുന്നില്ല.

ക്ഷമ ചോദിച്ച മടുത്തവരാണ് നാം. എന്നാല്‍ അവിടുന്ന് ഒരിക്കലും ക്ഷമിക്കുന്നതില്‍ തളരുന്നില്ല. നമ്മുടെ പാപങ്ങള്‍ക്ക് പാപമോചനം നല്‍കാനാണ് അവിടുന്ന് ഈ ലോകത്തിലേക്കു വന്നത്. ദൈവത്തിന്റെ പാപമോചനം പ്രഘോഷിക്കുന്നതില്‍ നാം ഒരിക്കലും മടുക്കരുത്. പുരോഹിതന്മാര്‍, അത് നിര്‍വ്വഹിക്കുന്നതിലും ക്രൈസ്തവ വിശ്വാസികള്‍ അത് സ്വീകരിക്കുന്നതിനും അതിന് സാക്ഷ്യം വഹിക്കുന്നതിലും നാം തളരരുത്.

യുദ്ധം എന്ന വിഡ്ഡിത്തം

നാം അക്രമത്തില്‍ ഏര്‍പ്പെടുമ്പോള്‍, നമ്മുടെ പിതാവായ ദൈവത്തെക്കുറിച്ചോ അല്ലെങ്കില്‍ നമ്മുടെ സഹോദരീ സഹോദരന്മാരെക്കുറിച്ചോ പോലും ചിന്തിക്കുന്നില്ല. എന്തുകൊണ്ടാണ് ഈ ലോകത്ത് നാമുള്ളതെന്ന് പോലും ചിന്തിക്കാതെ വിവേകശൂന്യമായ ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നു.

ഇന്നു നാം യുദ്ധം എന്ന വിഡ്ഢിത്തത്തിനു സാക്ഷ്യം വഹിക്കുകയാണ്. അതിലൂടെ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്നു.

ഭര്‍ത്താക്കന്മാരുടെയും മക്കളുടെയും മരണത്തില്‍ വിലപിക്കുന്ന അമ്മമാരിലൂടെ ക്രിസ്തു ഒരിക്കല്‍ കൂടി കുരിശില്‍ തറയ്ക്കപ്പെടുന്നു. കൈകളില്‍ കുട്ടികളുമായി ഓടിപ്പോകുന്ന അഭയാര്‍ത്ഥികളിലൂടെ അവിടുന്ന് ക്രൂശിക്കപ്പെടുന്നു. തനിച്ചാകുന്ന പ്രായമായവരിലൂടെ, ഭാവി നഷ്ടപ്പെട്ട യുവാക്കളിലൂടെ, സ്വന്തം സഹോദരന്മാരെയും സഹോദരിമാരെയും കൊല്ലാന്‍ അയച്ച സൈനികരാല്‍ യേശു ക്രൂശിക്കപ്പെടുന്നു.

ക്രുശില്‍ കിടക്കുമ്പോള്‍ ഭൂതകാലം ഉപേക്ഷിച്ച് പറുദീസയിലേക്കുള്ള യാത്രയ്ക്കായി യേശുവിന്റെ ക്ഷണത്തോട് പ്രതികരിച്ചത് ഒരാള്‍ മാത്രമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. അതായത് യേശുവിന്റെ അടുത്തായി ക്രൂശിക്കപ്പെട്ട കള്ളന്‍. 'യേശുവേ, എന്നെ ഓര്‍ക്കുക' എന്ന് ആ കള്ളന്‍ പറഞ്ഞു. 'ഇന്ന് നീ എന്നോടൊപ്പം പറുദീസയില്‍ ആയിരിക്കും' എന്ന് രക്ഷകന്‍ പറഞ്ഞു.

'നല്ല കള്ളന്‍ തന്റെ ജീവിതം അവസാനിക്കാറായപ്പോള്‍ ദൈവത്തെ സ്വീകരിച്ചു. അങ്ങനെ അവന്‍ ജീവിതം പുതുതായി ആരംഭിച്ചു. മരണവിധിക്ക് വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ അവസാനത്തെ അഭ്യര്‍ത്ഥനയിലൂടെ അവന്‍ ചരിത്രത്തിലെ ആദ്യ വിശുദ്ധനായി. ഇത്, ദൈവത്തിന്റെ ക്ഷമയുടെ അത്ഭുതമാണ്-മാര്‍പ്പാപ്പ പറഞ്ഞു.

ദൈവത്തിന് എല്ലാ പാപങ്ങളും ക്ഷമിക്കാനും എല്ലാ ദൂരങ്ങളെയും മറികടക്കാനും എല്ലാ വിലാപങ്ങളെയും നൃത്തമാക്കി മാറ്റാനും കഴിയുമെന്ന ഉറപ്പില്‍ നമുക്ക് ഉറച്ചുവിശ്വസിക്കാം. യേശുവിനൊപ്പം എല്ലാവര്‍ക്കും എല്ലായ്പ്പോഴും ഒരു ഇടമുണ്ട്. ദൈവത്തോടൊപ്പം, നമുക്ക് ജീവിതത്തിലേക്കു മടങ്ങിവരാം.

എന്തെന്നാല്‍ ക്രിസ്തു നമുക്കുവേണ്ടി പിതാവിനോട് നിരന്തരം മാദ്ധ്യസ്ഥ്യം വഹിക്കുന്നു. അക്രമോത്സുകവും വ്രണിതവുമായ ലോകത്തെനോക്കി 'പിതാവേ, ഇവരോടു പൊറുക്കേണമേ, എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല' എന്ന് ആവര്‍ത്തിക്കുന്നതില്‍ അവിടന്ന് മടുക്കുന്നില്ല. ആ വാക്കുകള്‍ നമുക്ക് ഹൃദയം കൊണ്ട് മൗനമായി ആവര്‍ത്തിക്കാം-മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

ക്ഷമയോടെ ഈസ്റ്ററിലേക്ക് യാത്ര ചെയ്യാന്‍ വിശ്വാസികളെ ക്ഷണിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് സന്ദേശം ഉപസംഹരിച്ചത്.

മാര്‍പാപ്പയുടെ കൂടുതല്‍ സന്ദേശങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.