പുതിയ സൈനിക കമാന്‍ഡര്‍ നിയമനം; റഷ്യക്കെതിരെ ഉപരോധം ശക്തമാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് വീണ്ടും ആവശ്യപ്പെട്ട് സെലെന്‍സ്‌കി

പുതിയ സൈനിക കമാന്‍ഡര്‍ നിയമനം; റഷ്യക്കെതിരെ ഉപരോധം ശക്തമാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് വീണ്ടും ആവശ്യപ്പെട്ട് സെലെന്‍സ്‌കി

കീവ്: ഉക്രെയ്‌നില്‍ റഷ്യയുടെ പുതിയ സൈനിക കമാന്‍ഡര്‍ നിയമനത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് വീണ്ടും ആവശ്യപ്പെട്ട് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയില്‍ നിന്നുള്ള എല്ലാ ഊര്‍ജ ഉല്‍പന്നങ്ങളുടെയും ഇറക്കുമതി യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തണമെന്നും പ്രതിരോധത്തിനായി തങ്ങള്‍ക്ക് കൂടുതല്‍ ആയുധങ്ങളും സാമ്പത്തിക സഹായവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം തുടരുന്നതിനിടെ ബ്രിട്ടിഷ് നിര്‍മിത മിസൈല്‍ ഉപയോഗിച്ച് റഷ്യയുടെ ഒരു പൈലറ്റില്ലാ വിമാനം തകര്‍ത്തതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു. ഉക്രെയ്‌ന്റെ രണ്ട് വ്യോമത്താവളങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തി കനത്ത നാശമുണ്ടാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ലുഹാന്‍സ്‌ക്, ഡിനിപ്രോ മേഖലകളില്‍ കനത്ത ആക്രമണം തുടരുകയാണ്.

തെക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബസിലേക്ക് റഷ്യന്‍ സൈനിക വാഹനവ്യൂഹം നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രം യുഎസ് സ്ഥാപനമായ മക്‌സര്‍ പുറത്തുവിട്ടു. റഷ്യ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24നു ശേഷം 45 ലക്ഷം പേര്‍ ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തതായാണ് യുഎന്‍ കണക്ക്. അഭയാര്‍ഥികളെ സഹായിക്കുന്നതിനായി കാനഡയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഉക്രെയ്‌ന് 910 കോടി യൂറോ വാഗ്ദാനം ചെയ്തിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ റഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി നിര്‍ത്തിയെങ്കിലും എണ്ണ, പ്രകൃതിവാതക ഇറക്കുമതി തുടരുന്നുണ്ട്. ഉക്രെയ്ന്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണമായും നിരോധിച്ചു. റഷ്യന്‍ സേന പിന്‍വാങ്ങുന്ന മേഖലകളില്‍ സാധാരണ പൗരന്മാരെ നിര്‍ദയം കൊല്ലുന്നതായും യുക്രെയ്ന്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.