ചോദ്യം ചെയ്യല്‍ വീട്ടിലാക്കാമെന്ന് കാവ്യ; പറ്റില്ലെന്ന് അന്വേഷണ സംഘം

ചോദ്യം ചെയ്യല്‍ വീട്ടിലാക്കാമെന്ന് കാവ്യ; പറ്റില്ലെന്ന് അന്വേഷണ സംഘം

കൊച്ചി: വീട്ടില്‍ വച്ച് ചോദ്യം ചെയ്യലിന് ഹാജരാകമെന്ന കാവ്യ മാധവന്റെ നിര്‍ദേശത്തോട് നോ പറഞ്ഞ് അന്വേഷണ സംഘം. സൗകര്യമുള്ള മറ്റൊരു സ്ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇന്ന് രാത്രി തന്നെ മറുപടി നല്‍കണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ സൂത്രധാരനെ തേടിയുള്ള അന്വേഷണം കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈരാഗ്യം ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഫോണ്‍ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടത് എന്ന സൂചനയുണ്ടായിരുന്നു. കേസില്‍ ജയിലിലുള്ള പള്‍സര്‍ സുനി മുമ്പ് പറഞ്ഞിരുന്ന മാഡം കാവ്യയാണോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

കേസിന്റെ ആദ്യ ഘട്ടത്തില്‍ സംഭവങ്ങളില്‍ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ മൂന്ന് മാസമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം കേസില്‍ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ കാവ്യയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാണ്. തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് നിലവില്‍ അന്വേഷണ സംഘം.

കഴിഞ്ഞ ദിവസം ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു. ദിലീപ് അടക്കമുള്ളവരുടെ ശബ്ദ സാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.