സിപിഎം നേതാക്കളുടെ ഭീഷണി; തൃശൂരില്‍ മുന്‍ സിഐടിയു പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

സിപിഎം നേതാക്കളുടെ ഭീഷണി; തൃശൂരില്‍ മുന്‍ സിഐടിയു പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: സിപിഎം ഭീഷണിയെത്തുടര്‍ന്ന് മുന്‍ സിഐടിയു പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍ പീച്ചി സ്വദേശി സജി(49)യെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാമര്‍ശം ഉണ്ട്. സിപിഎം അഴിമതി ചോദ്യം ചെയ്തതാണ് സജിയോട് പാര്‍ട്ടിക്ക് പക തോന്നാന്‍ കാരണമെന്ന് സജിയുടെ സഹോദരന്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് അവിവാഹിതനായ സജിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മറ്റ് സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്‌നങ്ങളോ സജിക്കുണ്ടായിരുന്നില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശവുമുണ്ട്. പ്രദേശത്തെ രണ്ട് സിപിഎം നേതാക്കള്‍ക്കെതിരെയാണ് സജിയുടെ ആത്മഹത്യക്കുറിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു സജി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.

ചുമട്ടു തൊഴിലാളിയായിരുന്ന സജി പാര്‍ട്ടിയിലെ ചില അഴിമതികളെ ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ സിഐടിയു വിട്ട് സജി സ്വതന്ത്ര കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്ന് സജിയുടെ സഹോദരന്‍ പറയുന്നു.

ഏറെക്കാലമായി പീച്ചിയിലെ സി.ഐ.ടി.യു യൂണിറ്റില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സജി ഉള്‍പ്പെടെയുള്ള ഒരു വിഭാഗം സി.ഐ.ടി.യു പ്രവര്‍ത്തകര്‍ യൂണിയന്‍ വസ്ത്രവും ബഹിഷ്‌കരിച്ചു. കൂടാതെ സി.ഐ.ടി.യു ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.

പ്രശ്നങ്ങള്‍ തുടര്‍ന്നതോടെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. എന്നാല്‍ ചില തൊഴിലാളികള്‍ പിന്നീട് പാര്‍ട്ടി പക്ഷത്തേക്ക് മാറിയതോടെ സജിയെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രധാന ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.