ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയിലേക്ക്

 ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് കോടതിയിലേക്ക്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ഉടന്‍ കോടതിയില്‍ ഹര്‍ജി നല്‍കും. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്നാണ് പ്രധാന ആരോപണം.

കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കേസില്‍ ദിലീപിന് ജാമ്യം അനുവദിക്കുന്ന വേളയില്‍, ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രതിക്കെതിരെ അന്വേഷണ സംഘത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു പൗലോസ് വിചാരണ കോടതിയില്‍ ഹാജരായി. നേരിട്ട് ഹാജരാകണമെന്ന് ബൈജു പൗലോസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പ്രതി ഭാഗത്തിന്റെ ഹര്‍ജിയിലാണ് ഡിവൈഎസ്പിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്.

ദിലീപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചപ്പോള്‍ കോടതിയിലെ ചില വിവരങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചെന്ന് ബൈജു പൗലോസ് പറഞ്ഞു. ഇത് കോടതി ജീവനക്കാര്‍ വഴിയാണോ ചോര്‍ന്നത് എന്നറിയാന്‍ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഈ അവശ്യം ഉന്നയിച്ചുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളില്‍ വന്ന സാഹചര്യത്തിലാണ് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടത്.

അതേസമയം നടന്‍ ദിലീപ് ഉള്‍പ്പെട്ട വധശ്രമ ഗൂഢാലോചനാ കേസില്‍ ഇന്നലെ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുത്തു. ഇതിനുപിന്നാലെ സായി ശങ്കറിന്റെ പക്കല്‍ നിന്ന് വാങ്ങിവെച്ച ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ അടക്കമുളളവ ഉടന്‍ ഹാജരാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.