രാജശ്രീയുടെ ചക്ക മാഹാത്മ്യം...!

രാജശ്രീയുടെ ചക്ക മാഹാത്മ്യം...!

മലയാളികള്‍ക്ക് എന്നും ചക്ക പ്രിയപ്പെട്ട വിഭവമാണ്. അത് പച്ചയ്ക്കാണെങ്കിലും, വിഭവങ്ങളായാണെങ്കിലും ചക്കക്കൊതി തീരില്ല. പ്രവസിയായിരുന്ന രാജശ്രീയും ചക്കയോടുള്ള കൊചിയുടെ കാര്യത്തില്‍ അത്ര പിന്നിലല്ലായിരുന്നു. കൂടാതെ ചക്ക നാടിന്റ ഓര്‍മ കൂടിയായിരുന്നു. നാട്ടില്‍ നിന്നു ഖത്തറിലേക്ക് തിരികെ പോകുമ്പോള്‍ കൊണ്ടു പോകാന്‍ ഉണക്കിയ ചക്കയുടെയും വിത്തുകളുടെയും ഒരു പായ്ക്കറ്റ് അമ്മ എപ്പോഴും അവള്‍ക്കു നല്‍കിയിരുന്നു.

ചക്കയോടുള്ള അഭിനിവേശം രാജശ്രീയെ ശരിയായ രീതിയില്‍ ചക്ക സംസ്‌കരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചു. നാട്ടിലേക്കുള്ള മടക്കത്തില്‍ രാജശ്രീയുടെ ജീവീതം തന്നെ മാറ്റിമറിച്ചതും ചക്ക പ്രേമമായിരുന്നു.

അങ്ങനെ 2016 മുതല്‍ രാജശ്രീ തന്റെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യത്യസ്ത ഫെസ്റ്റുകളിലും ഇവന്റുകളിലും പങ്കെടുത്തു. ചക്ക സോപ്പ്, ചക്ക ചായ, ചക്ക ചോക്കലേറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഫുഡ് ഫെസ്റ്റുകള്‍ക്കായി നിര്‍മ്മിച്ചു. അടുത്തിടെ കേരള സര്‍ക്കാരിന്റെ മികച്ച ചക്ക പ്രോസസര്‍ക്കുള്ള പുരസ്‌ക്കാരവും രാജശ്രീയെ തേടിയെത്തി.

ചക്ക വളരെ വൈവിധ്യമാര്‍ന്നതാണെന്നും നന്നായി ഉണക്കി സംസ്‌കരിച്ചാല്‍ മൈദ പോലുള്ള മാവുകള്‍ക്ക് നല്ലൊരു ബദലായിരിക്കുമെന്നും രാജശ്രീ പറയുന്നു. എന്നാല്‍ ചക്കയുടെ ഗന്ധം ഒഴിവാക്കണം. അതിനാല്‍, അത് സാധ്യമാക്കുന്നതിനുള്ള ഒരു സാങ്കേതികതയോ, സാങ്കേതിക വിദ്യയോ താന്‍ അന്വേഷിക്കുകയായിരുന്നുവെന്നും 50 വയസുകാരിയായ രാജശ്രീ പറയുന്നു.

എല്ലാ ആവശ്യത്തിനും ഉപയോഗിക്കുന്ന മാവ് മുതല്‍ ചക്ക പാസ്ത വരെയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ രാജശ്രീക്കു കഴിയുന്നുണ്ട്. ഫ്രൂട്ട് എന്‍ റൂട്ട് എന്ന പേരിലാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് നേടിയ അറിവാണ് മുഖ്യ അടിത്തറ. വിവിധ വിഭവങ്ങളില്‍ മൈദയ്ക്കു ബദലായി അവര്‍ ചക്ക ഉപയോഗിച്ചു. അങ്ങനെയാണ് ചക്ക പാസത യാഥാര്‍ഥ്യമായത്. മറ്റാരും ചക്ക പാസ്ത ഒരിക്കലും പരീക്ഷിച്ചിട്ടില്ല. അങ്ങനെ പാസതയ്ക്ക് ആരോഗ്യകരമായ ഒരു ട്വിസ്റ്റും രാജശ്രീയിലൂടെ ലഭിച്ചു.

പാസ്ത ഉണ്ടാക്കാന്‍, ഒരു യന്ത്രം ആവശ്യമായിരുന്നു. അങ്ങനെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സി.ടി.സി.ആര്‍.ഐ) മരച്ചീനിയില്‍ നിന്ന് പാസ്ത നിര്‍മിക്കുന്നുണ്ടെന്ന അറിവ് വഴിത്തിരിവായി. ഈ യന്ത്രത്തില്‍ അവര്‍ ചക്ക പാസ്ത ഉണ്ടാക്കാന്‍ ശ്രമിച്ചു. അത് വിജയിച്ചു. തുടര്‍ന്ന് അവിടെനിന്നു യന്ത്രം സ്വന്തമാക്കി.
സംരംഭത്തിനാവശ്യമായ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് ലഭിച്ചതിന് ശേഷം കായംകുളത്തെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് (കെ.വി.കെ) ചക്ക നിര്‍ജ്ജലീകരണം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയും രാജശ്രീ വശത്താക്കി. ചക്കയുടെ ദുര്‍ഗന്ധം ഒഴിവാക്കി ഉയര്‍ന്ന ഗുണമേന്മയുള്ള പൊടി ഉണ്ടാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായകരമായി. ഇതോടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയിലേക്കുള്ള വാതില്‍ രാജശ്രീക്കു മുന്നില്‍ തുറക്കപ്പെട്ടു.

ഫ്രൂട്ട് എന്‍ റൂട്ട് വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ശ്രേണിയില്‍ കിലോയ്ക്ക് 700 രൂപ വിലയുള്ള ചക്ക പൊടിയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. അരിപ്പൊടി, ആട്ട, മൈദ എന്നിവയില്‍ ചക്കപ്പൊടി കലര്‍ത്തിയും വില്‍പ്പന നടക്കുന്നു. ഫെയ്‌സ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയിലൂടെയാണ് പ്രധാന വില്‍പ്പന. ആമസോണ്‍ പോലുള്ള പ്ലാറ്റ്ഫോമുകളില്‍ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ എത്തിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.

ഇപ്പോള്‍ 400-ലധികം ഇനം ചക്ക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രാജശ്രീയുടെ മാതൃക ആര്‍ക്കുവേണമെങ്കിലും പരീക്ഷിക്കാവുന്നതാണ്. പ്രധാന അസംസ്‌കൃത വസ്തുവായ ചക്കയുടെ ലഭ്യത കേരളക്കരയ്ക്കു നേട്ടമാകും. വിപണിയിലെ എതിരാളികളുടെ കുറഞ്ഞ എണ്ണവും വിജയസാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.