ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്ന് മാറ്റിയ കെ.ആര്‍ ജ്യോതിലാൽ വീണ്ടും പൊതു ഭരണവകുപ്പിന്റെ ചുമതലക്കാരൻ

ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്ന് മാറ്റിയ കെ.ആര്‍ ജ്യോതിലാൽ വീണ്ടും പൊതു ഭരണവകുപ്പിന്റെ ചുമതലക്കാരൻ

തിരുവനന്തപുരം: ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്ന് മാറ്റിയ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.ആര്‍.ജ്യോതിലാലിനെ പൊതു ഭരണവകുപ്പില്‍ തിരിച്ചെത്തിച്ച്‌ സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജ്യോതിലാലിനെ വീണ്ടും പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിച്ചത്.

ഗവര്‍ണ‍ര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അതൃപ്തിയെ തുടര്‍ന്ന് ഫെബ്രുവരി 17-ന് ജ്യോതിലാലിനെ പൊതുഭരണവകുപ്പില്‍ നിന്നും സര്‍ക്കാര്‍ മാറ്റിയത്. സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന് വരില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ ശ്രമത്തിന്റെ ഭാഗമായി ജ്യോതിലാലിനെ മാറ്റിയത്.

ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ജ്യോതിലാല്‍ നടത്തിയ ചില പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ തയ്യാറാവാതിരുന്ന ഗവര്‍ണര്‍ ജ്യോതിലാലിനെ മാറ്റിയ ശേഷമാണ് ബജറ്റ് സമ്മേളന നടപടികളോട് സഹകരിച്ചത്.
ജ്യോതിലാലിനെ തിരിച്ചെത്തിച്ചതിനോട് അനുബന്ധിച്ച്‌ വേറെയും ചില അഴിച്ചു പണിക്കര്‍ സീനിയ‍ര്‍ ഐഎഎസ് തലത്തില്‍ ഉണ്ടായിട്ടുണ്ട്.

ബിശ്വനാഥ് സിന്‍ഹയ്ക്ക് ആസൂത്രണവകുപ്പിന്റെ അധിക ചുമതല നല്‍കി. ശാരദ മുരളീധരന് നഗരമാലിന്യ നിര്‍മാർജനം, ഊ‍ര്‍ജ്ജപദ്ധതികള്‍ എന്നിവയുടെ അധിക ചുമതല കൊടുത്തു. പൊതുഭരണവകുപ്പിനൊപ്പം കെ.ആ‍ര്‍.ജ്യോതിലാല്‍ തുട‍ര്‍ന്നും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യും. എം.ശിവശങ്ക‍ര്‍ ഐഎഎസിന് മൃഗസംരക്ഷണം, ക്ഷീരവികസനം, സാംസ്കാരികം എന്നിവയുടെ ചുമതലകൂടി നല്‍കി.

കെ.എസ് ശ്രീനിവാസനാണ് പുതിയ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി. ടിങ്കു ബിശ്വാസിനെ ഭക്ഷ്യ-പൊതുവിതരണ വകുപ്പില്‍ നിയമിച്ചു. തുറമുഖ വകുപ്പും അദ്ദേഹം തന്നെ കൈകാര്യം ചെയ്യും. അജിത്ത് കുമാറിനെ പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജി.പ്രിയങ്കയെ വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടറായി നിയമിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.