കീവ്: ഉക്രെയ്‌നില്‍ നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്നതിനൊപ്പം ആത്മീയ കേന്ദ്രങ്ങളെയും വേട്ടയാടുന്ന റഷ്യന്‍ ക്രൂരത വിവരിച്ച് ഉക്രെയ്ന്‍ പുരോഹിതന്‍ റസ്ലാന്‍ മിഖാല്‍കിവ്. ഷെല്‍ ആക്രമണത്തില്‍ തകര്‍ന്ന കത്തോലിക്കാ സെമിനാരിയിലെ ഫാത്തിമ മാതാവിന്റെ ശില്‍പത്തിനു സംഭവിച്ച അസാധാരണമായ അനുഭവവും ഫാ. റസ്ലാന്‍ മിഖാല്‍കിവ് വിവരിച്ചു.
യുദ്ധത്തില്‍ ഉപേക്ഷിച്ചുപോയ സെമിനാരിയില്‍ തിരിച്ചെത്തിയപ്പോഴാണ് അവിടെ റെക്ടറായി സേവനമനുഷ്ഠിക്കുന്ന ഫാ. റസ്ലാന്‍ ഫാത്തിമ മാതാവിന്റെ തകര്‍ന്ന ശില്‍പം കണ്ടെത്തിയത്.
ഫാത്തിമ മാതാവിന്റെ ശില്‍പം തകര്‍ന്ന നിലയില്‍
കീവിനു സമീപമുള്ള വോര്‍സെല്‍ ഗ്രാമത്തിലുള്ള സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് മേജര്‍ തിയോളജിക്കല്‍ സെമിനാരിയിലെ ഡൈനിംഗ് റൂമിലുണ്ടായിരുന്ന മാതാവിന്റെ രൂപമാണ് തല തകര്‍ന്ന നിലയില്‍ തറയില്‍ കിടന്നിരുന്നത്. ഈ കാഴ്ച്ച അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കി. റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന സെമിനാരിയിലുണ്ടായിരുന്ന വിലപ്പെട്ടതെല്ലാം മോഷണം പോയിരുന്നു.
2017-ല്‍ ഫാത്തിമാ ദര്‍ശനങ്ങളുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പോര്‍ച്ചുഗലിലെ ഫാത്തിമയില്‍നിന്നാണ് ഈ ശില്‍പം ലഭിച്ചത്.
സൈന്യം സെമിനാരിയില്‍ ഇരച്ചുകയറി രൂപം മറിച്ചിട്ടിരിക്കാമെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. അല്ലെങ്കില്‍ ഷെല്‍ ആക്രമണത്തില്‍ സംഭവിച്ചതാണെന്നു കരുതി. കാരണം സെമിനാരിയുടെ മുന്‍വാതിലും ഗാരേജും ജനാലകളും ഉള്‍പ്പെടെ പല ഭാഗങ്ങളും ആക്രമണത്തില്‍ തകര്‍ന്നിരുന്നു. രൂപം എങ്ങനെ കൃത്യമായി ഈ രീതിയില്‍ നശിപ്പിക്കപ്പെട്ടുവെന്ന് ഞാന്‍ ദിവസങ്ങളോളം ചിന്തിച്ചു. ഒടുവില്‍ മറ്റൊരു നിഗമനത്തിലാണ് താന്‍ എത്തിച്ചേര്‍ന്നതെന്ന് ഫാ. റസ്ലാന്‍ പറഞ്ഞു.
പിശാചില്‍ നിന്ന് പരിശുദ്ധ കന്യകാമറിയത്തിനേറ്റ പ്രഹരമായിരുന്നു അത്. ലോകമെമ്പാടും ഉക്രെയ്‌നെയും റഷ്യയെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു പ്രാര്‍ഥിച്ചപ്പോഴാണ് പിശാചില്‍നിന്ന് ഈ പ്രഹരമേറ്റതെന്നാണ് എന്റെ ഉറച്ച വിശ്വാസം.
ഇത്തരം അമാനുഷിക കാര്യങ്ങളില്‍ വിശ്വസിക്കുന്നയാളല്ല താന്‍. പക്ഷേ ഇത് വളരെ അസാധാരണമായി അനുഭവപ്പെട്ടതായി പുരോഹിതന്‍ പറഞ്ഞു. പിശാച് തോല്‍ക്കുമ്പോള്‍ അവന്‍ എല്ലാം നശിപ്പിക്കുന്നു. സെമിനാരിയില്‍ സാത്താന്റെ ആക്രമണമാണു നടന്നത്.
രൂപം തകര്‍ന്നെങ്കിലും പരിശുദ്ധ അമ്മയുടെ മുഖം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കരുണയുള്ള കണ്ണുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചില്ല. ഞങ്ങള്‍ ചിതറിക്കിടന്ന കഷണങ്ങള്‍ പെറക്കി എടുത്തു. ശില്‍പം പുനസ്ഥാപിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.
ഫെബ്രുവരി 24-ന് റഷ്യ ഉക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതിനെത്തുടര്‍ന്നാണ് വൈദികരും വിദ്യാര്‍ത്ഥികളും വോര്‍സലിലെ സെമിനാരി ഉപേക്ഷിച്ചുപോയത്. സെമിനാരിക്ക് ചുറ്റുമുള്ള പ്രദേശം റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയിരുന്നു.
മാര്‍ച്ച് അവസാനത്തോടെ ഫാ. റസ്ലാന്‍ മിഖാല്‍കിവിന്റെ നേതൃത്വത്തിലുള്ള സംഘം സെമിനാരിയിലേക്കു മടങ്ങി. തിരിച്ചെത്തിയപ്പോള്‍, അസാധാരണമായ നിശബ്ദതയാണ് തങ്ങള്‍ക്ക് ആദ്യം അനുഭവപ്പെട്ടത്. സെമിനാരി റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നിരുന്നു. 2001 ജൂണ്‍ 24-ന് കീവില്‍ കുര്‍ബാന നടത്തിയപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉപയോഗിച്ച പാത്രങ്ങള്‍, അലങ്കരിച്ച ബൈബിള്‍, മോണ്‍സ്ട്രന്‍സ് എന്നിവയുള്‍പ്പെടെ വിലപ്പെട്ടതെല്ലാം കവര്‍ന്നു.
സെമിനാരി വിദ്യാഭ്യാസം എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്ന് ആശങ്കയുണ്ട്. ഒരു പാത്രം പോലും അവശേഷിച്ചിട്ടില്ല. ഇനി എല്ലാം ആദ്യം മുതല്‍ വാങ്ങേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.