വാഷിംങ്ടണ്‍: റഷ്യയുടെ ആക്രമണം പ്രതിരോധിക്കുന്നതിനും വേണ്ടിവന്നാല്‍ തിരിച്ചടിക്കുന്നതിനുമായി ഉക്രെയ്‌ന് പ്രതിരോധ സഹായ വാഗ്ദാനവുമായി അമേരിക്ക. 700 ദശലക്ഷം ഡോളറിനടുത്ത് വരുന്ന സൈനീക പാക്കേജാണ് അമേരിക്ക നല്‍കാന്‍ ഉദ്ദേശിക്കുന്നത്. പാക്കേജ് സംബന്ധിച്ച് അമേരിക്ക ഉടന്‍ പ്രഖ്യാപനം നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഉക്രെയ്ന്‍ കൂടുതല്‍ സാമ്പത്തിക സൈനിക സഹായങ്ങള്‍ നല്‍കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഉദ്യോഗസ്ഥരുമായി ചര്‍ച്ചയിലായിരുന്നു. അംഗീകാരം ലഭിച്ചാല്‍ 700 ദശലക്ഷം ഡോളറിന്റെ സുരക്ഷാ സഹായം കൂടി ഉക്രെയ്‌ന് ലഭിക്കും.
ഇതോടെ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്ക നല്‍കിയ മൊത്തം സഹായം 3 ബില്യണ്‍ ഡോളറില്‍ കൂടുതലാകും. റഷ്യ ഉക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ ഇതുവരെ അമേരിക്ക ചെലവഴിച്ചിട്ടുണ്ട്. ആയുധങ്ങളും യുദ്ധോപകരണങ്ങളും മറ്റുമാണ് സഹായമായി നല്‍കിയത്.
ഏപ്രില്‍ പകുതിയോടെ പുതിയ സഹായം നല്‍കി തീര്‍ക്കുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. ഏപ്രില്‍ ആദ്യം അംഗീകരിച്ച ജാവലിന്‍ ആന്റി-ആര്‍മര്‍ സിസ്റ്റങ്ങളുടെ 100 മില്യണ്‍ ഡോളറിന്റെ പാക്കേജും ഉടന്‍ വിതരണം പൂര്‍ത്തിയാക്കും. അതേസമയം ഏപ്രില്‍ ഒന്നിന് ഉക്രെയ്ന്‍ വാഗ്ദാനം ചെയ്ത 300 ദശലക്ഷം ഡോളറിന്റെ സുരക്ഷാ സഹായ പാക്കേജ് ലഭ്യമാക്കാന്‍ കുറച്ചുകൂടി സമയമെടുക്കും. യുദ്ധോപകരണങ്ങള്‍ പ്രതിരോധ കരാറുകാരില്‍ നിന്ന് വാങ്ങേണ്ടതിനാലാണിത്.
യുദ്ധം നീളുന്ന പശ്ചാത്തലത്തില്‍ ഉക്രെയ്‌നിന് നല്‍കേണ്ടതായ പിന്തുണയെക്കുറിച്ചും സഹായങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി പെന്റഗണ്‍ മുന്‍നിര ആയുധ നിര്‍മ്മാതാക്കളുടെ യോഗം ഇന്ന് വിളിക്കുന്നുണ്ട്. നിലവിലുള്ള ആയുധ ഉത്പാദനം വേഗത്തിലാക്കുന്നതിനും ഉക്രെയ്‌നിനും സഖ്യകക്ഷികള്‍ക്കും പ്രതിരോധ വകുപ്പിന്റെ സഹായത്തിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാകും ചര്‍ച്ചയില്‍ പ്രധാനമായും ഉണ്ടാകുക. യുദ്ധം വര്‍ഷങ്ങളോളം തുടരുകയാണെങ്കില്‍ ഉക്രെയ്‌നിനെ പിന്തുണയ്ക്കാനുള്ള പ്രതിരോധ ശേഷിയും ചര്‍ച്ചയില്‍ വിശകലനം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.