കോണ്‍ട്രാക്ടറുടെ ആത്മഹത്യ: വെട്ടിലായി കര്‍ണാടക മന്ത്രി; മരിച്ചത് 40% കമ്മീഷന്‍ ചോദിച്ചെന്ന് വെളിപ്പെടുത്തിയ കരാറുകാരന്‍

കോണ്‍ട്രാക്ടറുടെ ആത്മഹത്യ: വെട്ടിലായി കര്‍ണാടക മന്ത്രി; മരിച്ചത് 40% കമ്മീഷന്‍ ചോദിച്ചെന്ന് വെളിപ്പെടുത്തിയ കരാറുകാരന്‍

ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി നേതാവായ കോണ്‍ട്രാക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പിയിലെ ഹോട്ടല്‍ മുറിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സന്തോഷ് പാട്ടീലിനെ (40) മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബിജെപി നേതാവും കര്‍ണാടക ഗ്രാമ വികസന മന്ത്രിയുമായ കെ.എസ് ഈശ്വരപ്പയ്ക്കെതിരെസന്തോഷ് പാട്ടീല്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ കോണ്‍ട്രാക്ടുകള്‍ കൈകാര്യം ചെയ്യുന്ന തന്നെ മന്ത്രി മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. നാല് കോടി രൂപ ചെലവഴിച്ച് ബെലഗാവിയില്‍ 2021 മെയ് മാസത്തില്‍ റോഡ് നിര്‍മിച്ചിരുന്നു. ഇതിന്റെ ബില്ലുകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും പണം ലഭിച്ചില്ലെന്നും 40 ശതമാനം കമ്മീഷനമാണ് മന്ത്രിയും കൂട്ടരും ആവശ്യപ്പെട്ടതെന്നും പാട്ടീല്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ചോദിച്ച പണം നല്‍കാനായില്ലെന്നും പണം ലഭിക്കാത്തതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയാണുള്ളതെന്ന് കാണിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനും പാട്ടീല്‍ കത്തെഴുതിയിരുന്നു. വിഷയത്തില്‍ ബിജെപി നേതാക്കളേയും സമീപിച്ചു. എന്നാല്‍ നടപടി ഉണ്ടായില്ലെന്നായിരുന്നു ആരോപണം.

ഹിന്ദു വാഹിനി സംഘടനയുടെ ദേശീയ സെക്രട്ടറി കൂടിയാണ് മരിച്ച പാട്ടീല്‍. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഈശ്വരപ്പയ്ക്ക് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം സന്തോഷ് പാട്ടീലിനെ അറിയില്ലെന്നാണ് ഈശ്വരപ്പയുടെ പ്രതികരണം.

സന്തോഷ് പാട്ടീലിന്റെ മരണത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശിവകുമാര്‍ വ്യക്തമാക്കി.

സംഭവത്തില്‍ മന്ത്രിക്കെതിരേയും സഹായി ബസവരാജ്, രമേഷ് എന്നിവര്‍ക്കെതിരേയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മന്ത്രി കെ.എസ് ഈശ്വരപ്പയെ വിളിച്ചു വരുത്തി വിഷത്തെക്കുറിച്ച് സംസാരിച്ചു. പ്രശാന്ത് പാട്ടീലിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.