പെര്‍ത്ത്: തൊഴിലാളികള്‍ക്കെല്ലാം കോവിഡ് ബാധിച്ചതിനെതുടര്‍ന്ന് വിളവെടുക്കാനാകാതെ ഏക്കറുകണക്കിന് സ്‌ട്രോബറി പഴങ്ങള്‍ നശിച്ചു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലാണു സംഭവം. ഇവിടുത്തെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന കോവിഡ് നിയന്ത്രണങ്ങളാണ് കൃഷി നാശത്തിനു കാരണമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഫാമിലെ മുഴുവന്‍ തൊഴിലാളികളെയും കോവിഡ് രോഗം ബാധിച്ചതിനെതുടര്‍ന്ന് സ്‌ട്രോബെറി കര്‍ഷകനായ പോള്‍ ഡ സില്‍വയ്ക്ക് 200,000 ഡോളറിന്റെ നഷ്ടമാണുണ്ടായത്. വിളവെടുക്കാന്‍ പാകമായിട്ടും പറിച്ചെടുക്കാന്‍ തൊഴിലാളികളില്ലാത്തതിനാല്‍ സ്‌ട്രോബെറി പഴങ്ങള്‍ ചീഞ്ഞഴുകി. സംസ്ഥാനത്തിന്റെ ക്വാറന്റീന്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നാണ് പോള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യം. വിളവെടുപ്പ് പ്രതിസന്ധിയിലായതോടെ പഴങ്ങളുടെയും പച്ചക്കറികളുടെയും വിലക്കയറ്റത്തിനും സാധ്യതയേറി.
പോള്‍ ഡ സില്‍വ
പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പ്രാദേശിക മേഖലയായ മഞ്ജിമപ്പിലാണ് പോളിന് സ്‌ട്രോബെറി കൃഷിയുള്ളത്. ഒരൊറ്റ ആഴ്ചയില്‍ ആകെയുള്ള 40-ലധികം തൊഴിലാളികളെയും കോവിഡ് ബാധിച്ചു. വിളവെടുക്കാന്‍ പുറത്തുനിന്നും ആളെ ലഭിക്കാതായതോടെ പഴങ്ങള്‍ നശിച്ചു പോകുകയായിരുന്നുവെന്ന് പോള്‍ ഡ സില്‍വ പറഞ്ഞു.
പല തൊഴിലാളികളും രോഗലക്ഷണങ്ങളില്ലാത്തവരും തൊഴിലെടുക്കാന്‍ പ്രാപ്തിയുള്ളവരുമായിരുന്നു. എന്നാല്‍ ക്വാറന്റീനില്‍ കഴിയേണ്ടി വന്നതിനാല്‍ ജോലിക്കു വരാനായില്ല. ഇങ്ങനെ പഴങ്ങള്‍ ചീഞ്ഞഴുകിപ്പോകുകയായിരുന്നു. ഇക്കാര്യത്തില്‍ താന്‍ അതീവ നിരാശനാണെന്നും സര്‍ക്കാരിന്റെ നിയമങ്ങള്‍ പാലിച്ചപ്പോഴുണ്ടായ നഷ്ടം നികത്താനാവാത്തതാെണന്നും അദ്ദേഹം പറഞ്ഞു.
ഇത് സ്‌ട്രോബെറിയുടെ മാത്രം കാര്യമല്ല. മറ്റു പഴവര്‍ഗങ്ങളുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്. രോഗവ്യാപനം വിളവെടുപ്പിനെ ബാധിച്ചതോടെ ഇവയുടെ വില വര്‍ധിക്കുമെന്ന സൂചനയും കര്‍ഷകര്‍ നല്‍കി.
രോഗലക്ഷണങ്ങളില്ലാത്ത ജീവനക്കാരെ അവര്‍ക്ക് ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് അനുവദിക്കുന്ന വിധത്തില്‍ ഐസൊലേഷന്‍ നിയമങ്ങള്‍ ലഘൂകരിക്കണമെന്ന് പോള്‍ ആവശ്യപ്പെട്ടു. നിലവിലുള്ള ഐസൊലേഷന്‍ നിയമങ്ങള്‍ കൃഷിക്ക് ആത്മവിശ്വാസം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നില്ലെന്ന് പോള്‍ കുറ്റപ്പെടുത്തി.
സ്‌ട്രോബെറി പാടം
തൊഴിലാളി ക്ഷാമം, ചരക്ക് നീക്കം, ഇന്ധനം, വളം എന്നിവയ്ക്കുള്ള വര്‍ധിച്ച ചെലവും മൂലം ദുരിതത്തിലായ കര്‍ഷകനേറ്റ പ്രഹരമാണ് കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളെന്ന് കര്‍ഷകരുടെ സംഘടനയായ വെജിറ്റബിള്‍സ് ഡബ്ല്യുഎ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് മനുസ് സ്റ്റോക്ക്‌ഡേല്‍ പറഞ്ഞു. പ്രതിസന്ധി കാലത്ത് പഴങ്ങളും പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകര്‍ നേരിടുന്ന വര്‍ധിച്ച ചെലവ് നികത്താന്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഉല്‍പാദന മേഖലയെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഒമിക്രോണ്‍ കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ച വെല്ലുവിളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനെ മറികടക്കാനായി വ്യത്യസ്ത സഹായ പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു.
അതേസമയം, ലക്ഷണങ്ങളില്ലെങ്കിലും കോവിഡ് ബാധിച്ച ആളുകള്‍ ജോലി ചെയ്യുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നു. വൈറസ് ബാധിതര്‍ ഭക്ഷണ സാധനവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരു സാഹചര്യവും അനുവദിക്കില്ല. അത് ആത്യന്തികമായി സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും തുടര്‍ന്ന് വീടുകളിലേക്കുമുള്ള വൈറസ് വ്യാപനത്തിന് കാരണമാകും.
ജനങ്ങളെ സുരക്ഷിതരാക്കുന്നതിനും പ്രാദേശികമായ തൊഴിലുകള്‍ സംരക്ഷിക്കുന്നതിനും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രീമിയര്‍ മാര്‍ക് മക്ഗോവന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാര്‍ഷിക മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വക്താവ് അവകാശപ്പെട്ടു.
അതേസമയം, ഐസൊലേഷന്‍ നിയമങ്ങള്‍ എപ്പോള്‍ ലഘൂകരിക്കുന്നെതിനെക്കുറിച്ച് ഒരു സൂചനയും വക്താവ് നല്‍കിയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26