പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി ജെ പിക്കോ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ക്കോ പങ്കില്ലെന്ന് ബി ജെ പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസ് വ്യക്തമാക്കി. ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കൊലപാതകമെന്നും ഹരിദാസ് പറഞ്ഞു.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബി ജെ പിയുടെ മേല്‍ കെട്ടിവയ്ക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. നാട്ടില്‍ കലാപമുണ്ടാക്കാനാണ് എസ് ഡി പി ഐയുടെ ശ്രമമെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഉത്തരവാദിത്തം ബി ജെ പിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും ഹരിദാസ് ആരോപിച്ചു.
അതേസമയം സുബൈറിനെ ഇടിച്ചിടാന്‍ ഉപയോഗിച്ച കാര്‍ മുമ്പ് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തി. കെ എല്‍ 11 എ ആര്‍ 641 എന്ന കാറാണ് സുബൈറിനെ ഇടിച്ചിടുന്നതിന് വേണ്ടി ഉപയോഗിച്ചത്. ഈ നമ്പറിലുള്ള വാഹനം മുമ്പ് സമാന രീതിയില്‍ കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പിതാവിന്റെ മുന്നില്‍ വച്ചാണ് അക്രമി സംഘം സുബൈറിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് എസ്.ഡി.പി.ഐയുടെ ആരോപണം. രണ്ട് കാറുകളിലാണ് അക്രമികള്‍ എത്തിയത്. ഇതില്‍ കെ.എല്‍ 11 എ.ആര്‍ 641 എന്ന നമ്പറിലുള്ള കാറാണ് സുബൈര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ടത്. ഈ കാര്‍ സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച ശേഷം മറ്റൊന്നിലാണ് സംഘം രക്ഷപ്പെട്ടത്.
കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ഓട്ടോയില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.