ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ സബ്‌വേ സ്‌റ്റേഷനില്‍ വെടിവയ്പ്പ്; പ്രതിയെ പിടികൂടാന്‍ സഹായിച്ച അഞ്ചുപേര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം

ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ സബ്‌വേ സ്‌റ്റേഷനില്‍ വെടിവയ്പ്പ്; പ്രതിയെ പിടികൂടാന്‍ സഹായിച്ച അഞ്ചുപേര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ സബ്‌വേ സ്‌റ്റേഷനില്‍ വെടിവയ്പ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ച അഞ്ചു പേര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, മെട്രോപോളിറ്റന്‍ ട്രാന്‍പോര്‍ട്ട് അതോറിറ്റി, ന്യൂയോര്‍ക്ക് ട്രാന്‍പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍, ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് അഞ്ചു പേര്‍ക്കായി 50,000 ഡോളര്‍ പാരിതോഷികം നല്‍കിയത്.

കെടുംകുറ്റവാളിയെ പിടികൂടാന്‍ സഹായിച്ച അഞ്ചു പേര്‍ക്കും നന്ദി പറയുന്നതായും ഇത്തരം കേസുകളില്‍ പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും പോലീസിന് ലഭിക്കാറുണ്ടെന്നും എന്‍വൈപിഡി കമ്മീഷണര്‍ കീചന്റ് സെവെല്‍ പറഞ്ഞു.

ഫിലാഡല്‍ഫിയ സ്വദേശി ഫ്രാങ്ക് റോബേര്‍ട്ട് ജെയിംസ് (62) എന്ന കറുത്ത വംശജനെയാണ് കേസില്‍ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. മാന്‍ഹട്ടനിലെ ഈസ്റ്റ് വില്ലേജ് പരിസരത്ത് ബുധനാഴ്ച ഉച്ചയോടെ പെട്രോളിംഗ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.

സംഭവ സ്ഥലത്തു നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ജെയിംസാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മാന്‍ഹട്ടന്റെ ലോവര്‍ ഈസ്റ്റ് സൈഡിലെ മക്‌ഡൊണാള്‍ഡ്‌സില്‍ ഇയാള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് അവിടെ എത്തിയെങ്കിലും പ്രതി കടന്നു കളഞ്ഞു. പിന്നീട് മാന്‍ഹട്ടിലെ വില്ലേജ് സ്ട്രീറ്റില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്.

1992 മുതല്‍ 1998 വരെ ന്യൂയോര്‍ക്കില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ ജയിംസ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കവര്‍ച്ച, കൊലപാകശ്രമം, ബലാത്സംഗം, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ ഇക്കാലയളില്‍ ഒന്‍പത് കേസുകള്‍ ജെയിംസിനെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു തവണ ന്യൂജയ്‌സില്‍ അതിക്രമിച്ച് കടന്നതിനും അക്രമണങ്ങള്‍ അഴിച്ചുവിട്ടതിനും മൂന്ന് കേസുകള്‍ വേറെയുണ്ട്. ഇതിലും ജെയിംസ് അറസ്റ്റിലായിരുന്നു.

ബ്രൂക്ലിനിലെ സണ്‍സെറ്റ് പാര്‍ക്ക് പരിസരത്തുള്ള 36-ാമത് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് പോകുന്ന തിരക്കേറിയ ട്രെയിനിന് നേരെയാണ് കഴിഞ്ഞ ദിവസം വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ 10 പേര്‍ക്ക് നേരിട്ട് വെടിയേറ്റു. ഇവരുടെ നില ഗുരുതരമായി തുടരുന്നു. മെട്രോ സ്റ്റേഷനില്‍ നിന്ന് ഉയര്‍ന്ന പുക ശ്വസിച്ച് 13 പേര്‍ ബോധരഹിതരായി വീണു. പരിഭ്രാന്തരായി ഓടിയ ആള്‍ക്കൂട്ടത്തില്‍ തിക്കിനും തിരക്കിനുമിടയില്‍പ്പെട്ടാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.