തിരുവനന്തപുരം: ജര്‍മന്‍ യുവതിയെ കാണാതായ സംഭവത്തില്‍ യുകെ പൗരന്‍ മുഹമ്മദ് അലിയെ ചോദ്യം ചെയ്യാന്‍ കേരള പൊലീസ് ഇന്റര്‍പോളിനു ചോദ്യാവലി കൈമാറി. തലസ്ഥാനത്തു നിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അലിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. 
ഇന്റര്‍പോളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ച ശേഷം അന്വേഷണത്തിനായി വിദേശത്തേക്കു പോകാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതിനായി സര്‍ക്കാരിനോട് അനുമതി തേടി. 2019 മാര്‍ച്ച് ഏഴിനാണ് മുഹമ്മദ് അലിക്കൊപ്പം ലിസ തിരുവനന്തപുരത്തെത്തിയത്. അതിനു ശേഷം കാണാതായ ലിസയെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. മുഹമ്മദ് അലി മാര്‍ച്ച് 15ന് കൊച്ചിയില്‍ നിന്ന് ദുബായ് വഴി ലണ്ടനിലേക്കു പോയി. 
കോവിഡ് വ്യാപിച്ചതോടെ കേസ് അന്വേഷണം നിലച്ചിരിക്കുകയായിരുന്നു. വിദേശത്തു പോയി അന്വേഷിക്കാനും തടസങ്ങളുണ്ടായി. ലിസയുടെ കുടുംബവും അതിനുശേഷം പൊലീസിനെയോ കോണ്‍സുലേറ്റിനെയോ ബന്ധപ്പെട്ടിട്ടില്ല.
2019 മാര്‍ച്ച് 10നാണ് ലിസ അവസാനമായി ബന്ധുക്കളെ വിളിച്ചത്. യുകെ സ്വദേശിക്കൊപ്പം ഇന്ത്യയിലേക്കു പോകുന്ന കാര്യം സഹോദരി കരോളിനോട് പറഞ്ഞിരുന്നു. കുറച്ചു ദിവസം ഒറ്റയ്ക്കു കഴിയാനാണ് ഇന്ത്യയിലേക്കു പോകുന്നതെന്നാണ് ലിസ സഹോദരിയോട് പറഞ്ഞത്. മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു ലിസയെന്നു ബന്ധുക്കള്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞിരുന്നു. 
ഇസ്ലാം ആശയങ്ങളില്‍ ആകൃഷ്ടയായി ലിസ മതം മാറിയിരുന്നു. ഈജിപ്റ്റിലെ കെയ്‌റോയില്‍ വച്ച് കണ്ടുമുട്ടിയ ആളെ വിവാഹം ചെയ്ത് അയാളോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കി. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് പിന്നീട് ജര്‍മനിയിലേക്കു പോയി. രണ്ട് കുട്ടികളെ ഭര്‍തൃമാതാവിനൊപ്പം അമേരിക്കയിലേക്ക് അയച്ചു. 
മതം മാറിയതിനെ പിന്തുണയ്ക്കാത്തതിനാല്‍ ലിസ കുടുംബാംഗങ്ങളുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല.
അതേസമയം തൃശൂരിലെ വ്യാപാര കേന്ദ്രത്തില്‍ ലിസയെ കണ്ടതായി ഫോണ്‍ സന്ദേശം ലഭിച്ചത് അനുസരിച്ച് അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ലിസയുടെ സാന്നിധ്യം കണ്ടെത്താനായില്ല. തലസ്ഥാനത്ത് എടിഎം കൗണ്ടറിനു മുന്നില്‍ ലിസ നില്‍ക്കുന്നതു കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. 
വര്‍ക്കലയില്‍ നടത്തിയ പരിശോധനയില്‍ ലിസ അവിടെ എത്തിയിരുന്നതായി വ്യക്തമായി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും ഫലം കണ്ടിട്ടില്ല.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.