തിരുവനന്തപുരം: ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പാലക്കാട് രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഈ മാസം 20 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. 
കൂടുതല്‍ സ്ഥലങ്ങളിലേക്ക് അക്രമങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരോധനാജ്ഞ. പാലക്കാട് ജില്ലയില്‍ മൂന്ന് ബെറ്റാലിയന്‍ ആംഡ് പൊലീസിനെ വിന്യസിച്ചു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ പാലക്കാട്ടെ കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്  അറിയിച്ചു. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ അന്വേഷണങ്ങള്‍ ഏകോപിപ്പിക്കും. അദ്ദേഹം പാലക്കാട്ടേയ്ക്ക് പുറപ്പെട്ടു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദ്ദേശം. 
ഇന്നലെ ഉച്ചയോടെ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈറിന്റെ മൃതദേഹം സ്വദേശമായ എലപ്പുളിയില്‍ സംസ്‌കരിച്ചു.  പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കൊലപാതകം നടന്നത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 
രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച രണ്ട് കാറുകളിലൊന്ന് നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 
കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇന്ന് ഉച്ചയോടെ രണ്ടാമത്തെ കൊലപാതകവുമുണ്ടായി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45) കൊല്ലപ്പെട്ടത്. പാലക്കാട് നഗര പ്രദേശത്തെ മേലാമുറിയിലെ സ്വന്തം കടയില്‍ വച്ചാണ് ശ്രീനിവാസന് വെട്ടേറ്റത്. 
ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. കൊലപാതകങ്ങളില്‍ ബിജെപിയും പോപ്പുലര്‍ ഫ്രണ്ടും പരസ്പര ആരോപണങ്ങളുമായി രംഗത്തെത്തിയത് സമാധാന അന്തരീക്ഷത്തിന് കൂടുതല്‍ ഭീഷണിയായിട്ടുണ്ട്. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.