അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 18
ഇറ്റലിയില്‍ മിലാനിലെ ഡെല്ലാ സ്‌കാലാ എന്ന പ്രഭു കുടുംബത്തിലായിരുന്നു ഗാള്‍ഡിന്‍ ജനിച്ചത്. പഠനത്തിലും വിശ്വാസ ജീവിതത്തിലും ഏറെ ഉത്സുകനായികുന്ന ഗാള്‍ഡിന്‍ പൗരോഹിത്യം നേടി അധികം വൈകാതെ മിലാന്‍ അതിരൂപതയുടെ ചാന്‍സിലറായി.
1159 ല്‍ അഡ്രിയാന്‍ നാലാമന്‍ മാര്‍പാപ്പായുടെ മരണത്തോടെ അലക്‌സാണ്ടര്‍ മൂന്നാമന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അഞ്ച് കര്‍ദ്ദിനാള്‍മാര്‍ കൂടിചേര്‍ന്ന് ഗൂഢാലോചന നടത്തുകയും ഒക്ടോവിയന്റെ സഹായത്തോടെ മതപരമായ ഭിന്നിപ്പിന് തുടക്കമിടുകയും ചെയ്തു.
ചക്രവര്‍ത്തിയായിരുന്ന ഫ്രെഡറിക്ക് ഒന്നാമന്‍ സഭയുമായുള്ള കലഹം നിമിത്തം സഭയുടെ വരുമാനം പിടിച്ചടക്കുകയും മെത്രാന്‍മാരുടെ നിയമനങ്ങളില്‍ ഇടപെടുകയും ചെയ്തു. കൂടാതെ ഫ്രെഡറിക്ക് ഒന്നാമന്‍ വിക്ടര്‍ എന്ന പേരോടുകൂടിയ ഒക്ടാവിയനെ അനൗദ്യോഗിക പാപ്പായായി അവരോധിച്ചു. എന്നാല്‍ മിലാന്‍ നഗരം യഥാര്‍ത്ഥ പാപ്പായായ അലക്‌സാണ്ടര്‍ മൂന്നാമനെ പിന്തുണക്കുകയാണ് ചെയ്തത്.
ഇതേ തുടര്‍ന്ന് ചക്രവര്‍ത്തി 1161 ല്‍ മിലാനെ ആക്രമിച്ചു. 1162 നഗരം ഫ്രെഡറിക്ക് ചക്രവര്‍ത്തിക്ക് കീഴടങ്ങി. പ്രതികാര ദാഹിയായ ചക്രവര്‍ത്തി മിലാന്‍ നഗരത്തെ നിലംപരിശാക്കി. മെത്രാപ്പോലീത്തയായിരുന്ന ഹൂബെര്‍ട്ട് 1166 ല്‍ മരണപ്പെടുകയും വിശുദ്ധ ഗാള്‍ഡിന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പുതിയ ഇടയന്‍ ദുഖിതരായ വിശ്വാസ സമൂഹത്തിന് ഏറെ ധൈര്യം പകര്‍ന്നു. മാത്രമല്ല മത ഭിന്നിപ്പിനെതിരായി അദ്ദേഹം തന്റെ സ്വാധീനം വളരെ വിജയകരമായി ലൊംബാര്‍ഡി മുഴുവന്‍ പ്രയോഗിച്ചു. മിലാന്‍ നഗരത്തെ പുനര്‍നിര്‍മ്മിക്കുവാനായുള്ള ഒരു ഉടമ്പടിയില്‍ ലൊംബാര്‍ഡിലെ നഗരങ്ങള്‍ മുഴുവനും ഒപ്പ് വെച്ചു.
നഗര ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ നഗരവാസികള്‍ വളരെ സന്തോഷപൂര്‍വ്വം 1167 ഏപ്രില്‍ 27ന് മിലാനിലേക്ക് തിരികെ വന്നു. ഇതറിഞ്ഞ ചക്രവര്‍ത്തി മിലാനിലേക്ക് വീണ്ടും തന്റെ സേനയെ അയച്ചു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
ഈ പടനീക്കത്തില്‍ ലൊംബാര്‍ഡി, വെനീസ്, സിസിലി തുടങ്ങി ഇറ്റലിയുടെ ഭൂരിഭാഗം പ്രദേശങ്ങളും അദ്ദേഹത്തിനെതിരായി നിലകൊണ്ടു. തുടര്‍ന്ന് ചക്രവര്‍ത്തി മാര്‍പാപ്പായുമായി വെനീസില്‍ ഒരു കൂടികാഴ്ചക്ക് സമ്മതിക്കുകയും മതഭിന്നത ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. അങ്ങനെ 1177 ല്‍ അദ്ദേഹം സഭയുമായി സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെട്ടു.
ഈ പ്രതിസന്ധികള്‍ക്കിടയിലും വിശുദ്ധ ഗാള്‍ഡിന്‍ വിശ്രമമില്ലാതെ സുവിശേഷം പ്രഘോഷിക്കുകയും ദരിദ്രരെ സഹായിക്കുകയും ചെയ്തു പോന്നു. വിശുദ്ധന്റെ ഹൃദയത്തില്‍ പ്രഥമ സ്ഥാനം ദരിദ്രര്‍ക്കായിരുന്നു. മറ്റുള്ളവരുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും വിശുദ്ധന്‍ തന്റേതായി കരുതുകയും അവര്‍ക്ക് വേണ്ട കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ സമയം കണ്ടെത്തുകയും ചെയ്തു. കത്താരി, മാനിച്ചീസ് തുടങ്ങിയ മതവിരുദ്ധ സിദ്ധാന്തങ്ങളെ തെറ്റാണെന്ന് ഗാള്‍ഡിന്‍ തെളിയിച്ചു.
അവസാന നാളുകളില്‍ ഏറെ ക്ഷീണിതനായിരുന്നിട്ടു പോലും വിശുദ്ധ കുര്‍ബാന മധ്യേ വളരെ തീക്ഷ്ണതയോടുകൂടി സുവിശേഷം പ്രഘോഷിച്ചു. അങ്ങനെ 1176 ഏപ്രില്‍ 18 ന് പ്രസംഗ വേദിയില്‍ വെച്ച് വിശുദ്ധ ഗാള്‍ഡിന്‍ ഈ ലോകത്തോട് വിടപറഞ്ഞു. നിരവധി അത്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മിലാനിലെ പുരാതന ആരാധന ക്രമങ്ങളിലും പ്രാര്‍ത്ഥന ക്രമങ്ങളിലും, റോമന്‍ രക്തസാക്ഷിത്വ പട്ടികയിലും വിശുദ്ധന്റെ നാമം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ആജിയാ
2. പെഴ്‌സ്യായിലെ അന്തൂസ
5. ബ്രേഷിയായിലെ കലോസെരൂസ്
6. കില്‍ഡാരെയിലെ കൊജിത്തോസൂസ്
3. റോമന്‍ സെനറ്ററായ അപ്പൊളോണിയസ്
4. അയര്‍ലന്‍ഡിലെ ബിത്തെയൂസും ജെനോക്കൂസും.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.