പാലക്കാട്ടെ കൊലപാതകങ്ങള്‍: ഇന്ന് സര്‍വകക്ഷി യോഗം; അന്വേഷണത്തിന് ഒമ്പത് സംഘങ്ങള്‍

പാലക്കാട്ടെ കൊലപാതകങ്ങള്‍: ഇന്ന് സര്‍വകക്ഷി യോഗം; അന്വേഷണത്തിന് ഒമ്പത് സംഘങ്ങള്‍

പാലക്കാട്: സുബൈര്‍ കൊലക്കേസും ശ്രീനിവാസന്‍ കൊലക്കേസും ആസൂത്രിതമെന്ന് എ.ഡി.ജി.പി. വിജയ് സാഖറേ വ്യക്തമാക്കി. രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ സൂത്രധാരന്മാരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് നടന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് പാലക്കാട്ട് സര്‍വകക്ഷിയോഗം നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളോടും യോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സൈ്വര്യജീവിതം ഉറപ്പാക്കാനും പൊലീസ് ശക്തമായ നടപടികളെടുക്കണമെന്നും മന്ത്രി പറഞ്ഞു.

സമാധാനശ്രമങ്ങള്‍ക്കുള്ള പിന്തുണയെന്ന നിലയില്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് പറഞ്ഞു. ഔദ്യോഗികക്ഷണം കിട്ടിയാല്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം പ്രതികരിച്ചു.

അതേസമയം സുബൈര്‍ കൊലക്കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞതായും സംശയിക്കപ്പെടുന്ന ചിലര്‍ കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യം ചെയ്തശേഷമേ അവര്‍ പ്രതികളാണോ എന്നത് ഉറപ്പിക്കൂവെന്നും എഡിജിപി വ്യക്തമാക്കി. അഞ്ച് സംഘമാണ് അന്വേഷണത്തിനുള്ളത്. ഉടന്‍തന്നെ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്‍ കേസില്‍ സി.സി.ടി.വി. ദൃശ്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉടന്‍തന്നെ ശ്രീനിവാസന്‍ കൊലക്കേസിലും അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആസൂത്രിത കൊലപാതകങ്ങള്‍ തടയുക പ്രയാസമാണെന്ന് വിജയ് സാഖറേ വ്യക്തമാക്കി. പാലക്കാട്ടെ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് പറയാനാവില്ല. എല്ലാ ആസൂത്രിത കൊലപാതകങ്ങളുടെയും മുന്നൊരുക്കം വളരെ രഹസ്യമായാണ് നടത്തുന്നത്.

ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ കീഴില്‍ രണ്ട് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലാണ് അന്വേഷണം. സുബൈര്‍ കൊലക്കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീനും ശ്രീനിവാസന്‍ കൊലക്കേസന്വേഷിക്കാന്‍ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം. അനില്‍കുമാറും നേതൃത്വം നല്‍കും. എസ്. ഷംസുദ്ദീന്റെ കീഴില്‍ കസബ, ഹേമാംബികനഗര്‍, നെന്മാറ, ചെര്‍പ്പുളശ്ശേരി, കൊഴിഞ്ഞാന്പാറ പോലീസ് സ്റ്റേഷനുകളിലെ സി.ഐ.മാരും എസ്.ഐ.മാരും അടങ്ങുന്ന അഞ്ച് സംഘങ്ങളും എം. അനില്‍കുമാറിന്റെ കീഴില്‍ നാല് സംഘങ്ങളുമാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.