നികുതി രേഖകള്‍ പുറത്തുവിട്ട് ബൈഡനും ഭാര്യയും; ഇരുവരും സമ്പാദിച്ചത് 610,702 ഡോളര്‍

നികുതി രേഖകള്‍ പുറത്തുവിട്ട് ബൈഡനും ഭാര്യയും; ഇരുവരും സമ്പാദിച്ചത് 610,702 ഡോളര്‍

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വ്യത്യസ്ഥനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ നികുതി രേഖകള്‍ പുറത്തുവിട്ടു. ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സമ്പാദിച്ചത് 610,702 ഡോളറെന്ന് വൈറ്റ്ഹൗസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3,366 ഡോളറിന്റെ വരുമാന വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത്. ഫെഡറല്‍ ആദായനികുതി നിരക്ക് പ്രകാരമുള്ള വരുമാനത്തിന്റെ 24.6 ശതമാനമായ 181,204 ഡോളര്‍ ആദായനികുതിയായും ഇരുവരും അടച്ചു.

378,333 ഡോളറാണ് ജോ ബൈഡന്റെ പ്രസിഡന്റ് വാര്‍ഷിക ശമ്പളം. 2021 ജനുവരി 20 ന് അധികാരത്തില്‍ പ്രവേശിച്ചപ്പോള്‍ 400,000 ഡോളറായിരുന്നു. പിന്നീട് അദ്ദേഹം ഇടപെട്ട് ശമ്പളം 378,333 ഡോളറായി കുറയ്ച്ചു. നോര്‍ത്തേണ്‍ വിര്‍ജീനിയ കമ്മ്യൂണിറ്റി കോളജിലെ അധ്യാപികയായ പ്രഥമ വനിത ജില്‍ ബൈഡന്റെ വാര്‍ഷിക വരുമാനം 67,116 ഡോളറാണ്.

ബൈഡന്റെ മരിച്ചു പോയ മകന്റെ പേരില്‍ സ്ഥാപിച്ച ബ്യൂ ബൈഡന്‍ ഫൗണ്ടേഷന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,000 ഡോളര്‍ ഉള്‍പ്പെടെ ബൈഡന്‍ പ്രസിഡന്റ് ആയ ശേഷം മൊത്തം 17,394 ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി. 2020-2021 സാമ്പത്തിക വര്‍ഷം 607,336 ഡോളറായിരുന്നു ബൈഡന്‍ ദമ്പതികളുടെ സമ്പാദ്യം.

വൈസ് പ്രസിഡന്റ് കമല ഹാരിസും ഭര്‍ത്താവ് ഡഗ്ലസ് എംഹോഫും കഴിഞ്ഞ വര്‍ഷം 1.65 ദശലക്ഷം ഡോളര്‍ സമ്പാദിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുടെയും വരുമാനത്തിലേറെയും ശമ്പളത്തിന് പുറത്തുനിന്നുള്ളതാണ്.



വൈസ് പ്രസിഡന്റിന്റ ശമ്പളത്തിന് പുറമെ എഴുത്തുകാരി എന്ന നിലയില്‍ കമല ഹാരിസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 452,664 ഡോളര്‍ സമ്പാദിച്ചതായാണ് റിപ്പോര്‍ട്ട്. 215,548 ഡോളറാണ് ഹാരിസിന്റെ വൈസ്പ്രസിഡന്റ് ശമ്പളം. 2021 ജനുവരി 20 ന് അധികാരമേല്‍ക്കുമ്പോള്‍ ഇതു 230,700 ഡോളര്‍ ആയിരുന്നു.

അധ്യാപകനായ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫ് തന്റെ അധ്യാപന ജോലിയില്‍ നിന്ന് 164,740 ഡോളര്‍ സമ്പാദിച്ചു. കൂടാതെ ഡിഎല്‍എ പൈപ്പര്‍, വെനബിള്‍ എന്നീ നിയമ സ്ഥാപനങ്ങളില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചതില്‍ നിന്ന് 582,543 ഡോളര്‍ സമ്പാദിച്ചതായും ഇരുവരും സമര്‍പ്പിച്ച ആദായനികുതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുവരും ചേര്‍ന്ന് വരുമാനത്തിന്റെ 31.6 ശതമാനമായ 523,371 ഡോളര്‍ ആദായനികുതിയായും അടച്ചു. രേഖകള്‍ പ്രകാരം ദമ്പതികള്‍ 22,100 ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റും ഭരണകര്‍ത്താക്കളും എല്ലാവര്‍ഷവും തങ്ങളുടെ വരുമാന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു. എന്നാല്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്റെ നികുതി രേഖകള്‍ പുറത്തുവിടാന്‍ കൂട്ടാക്കിയില്ല. അദ്ദേഹത്തിന് ശേഷം ബൈഡന്‍ പ്രസിഡന്റ് ആയതോടെയാണ് വീണ്ടും പ്രസിഡന്റിന്റെയും കൂട്ടരുടെയും വരുമാന വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.