തൃശൂര്‍: ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പു കേസില്‍ കേരളത്തിലടക്കം പ്രതിഷേധം ആഞ്ഞടിച്ചിരുന്നു. പക്ഷെ ശാരദ കേസുമായി സമാനതകള്‍ ഏറെയുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിന്റെ കാര്യത്തില്‍ സംഭവിക്കുന്നതു നേരെ മറിച്ചാണ്. ആര്‍ക്കും പ്രതിഷേധമില്ലെന്നു മാത്രമല്ല പ്രതികരിക്കാന്‍ പോലും ഭയം ആണെന്നാണ് വ്യക്തമാകുന്നത്.
സിപിഎം പ്രാദേശിക നേതാക്കളും ഭാരവാഹികളുമാണു പ്രതിസ്ഥാനത്ത് എന്നതാണ് കാരണം. 40 വര്‍ഷത്തിലേറെയായി സിപിഎം ഭരിക്കുന്ന ബാങ്കില്‍ 300 കോടിയുടെ തട്ടിപ്പു നടന്നിട്ടും ശബ്ദിക്കാന്‍ നിക്ഷേപകര്‍ക്കു പോലും ഭയമാണ്. ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയവര്‍ക്ക് മടക്കിക്കൊടുക്കേണ്ടത് 140 കോടി രൂപയാണ്. എന്നാല്‍ ബാങ്ക് ദിവസവും മടക്കി നല്‍കുന്നത് 11 ലക്ഷം രൂപ വീതം മാത്രം.
നിക്ഷേപകരുടെ പണം മടക്കി നല്‍കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചെങ്കിലും ആര്‍ക്കും പണം ലഭിച്ചിട്ടില്ല. കരുവന്നൂര്‍ തട്ടിപ്പ് പിടിക്കപ്പെട്ട് ഒരു വര്‍ഷം ആകുമ്പോഴും ഇടപാടുകാരുടെ നഷ്ടം ഇതുവരെ നികത്താന്‍ ബാിന് കഴിഞ്ഞിട്ടില്ല.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം ഭരണസമിതിയുടെ അറിവോടെ മാനേജറും അക്കൗണ്ടന്റും ഉള്‍പ്പെടെയുള്ളവര്‍ വായ്പാനിക്ഷേപത്തട്ടിപ്പുകള്‍ വഴി 300 കോടി തട്ടിയെന്നു പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ജൂണിലാണ്. സംഭവത്തില്‍ ബാങ്ക് പ്രസിഡന്റ് അടക്കം ഭരണസമിതി അംഗങ്ങളും മാനേജര്‍ ഉള്‍പ്പെടെ ആറു ജീവനക്കാരും അറസ്റ്റിലായിരുന്നു.
വിവാദമായതോടെ മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത് നിക്ഷേപകര്‍ക്കായി ഉടന്‍ പാക്കേജ് രൂപീകരിക്കും എന്നായിരുന്നു. നിക്ഷേപക ഗാരന്റി പദ്ധതി വഴി സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബാങ്കിനെ രക്ഷിക്കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചെങ്കിലും ഒരു നിക്ഷേപകനു പോലും കണ്‍സോര്‍ഷ്യം വഴി ഇതുവരെ പണം മടക്കിനല്‍കാന്‍ കഴിഞ്ഞിട്ടില്ല. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.