കൊച്ചി: ഹൈക്കോടതിയില്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനം. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലും കോടതി ഇന്ന് തീരുമാനമെടുക്കും.
കൂടാതെ മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് നല്‍കിയ ഹര്‍ജിയിലും ഇടക്കാല ഉത്തരവുണ്ടാകും. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത വധഗൂഡാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയന്നാണ് കേസ്. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ലന്നുമാണ് ദിലീപിന്റെ വാദം.
എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജിയില്‍ വിധി പറയുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ മാസം പതിനഞ്ചിനകം തുടരന്വേഷണം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദശിച്ചിരുന്നു.
എന്നാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും തുടരന്വേഷണത്തിന് മൂന്നു മാസം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഇന്ന് തീരുമാനമെടുക്കും. ഇതുവരെയുള്ള അന്വേഷണ പുരോഗതി പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.
നടിയെ ആക്രമിച്ച കേസും വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന മാധ്യമവിചാരണ തടയണമെന്ന സൂരജിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഇന്ന് ഇടക്കാല ഉത്തരവിടുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.