അമ്മ ചെയ്ത ജോലിക്ക് കൂലി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുപിയില്‍ ദളിത് ബാലനെക്കൊണ്ട് പരസ്യമായി കാല്‍ നക്കിച്ചു

അമ്മ ചെയ്ത ജോലിക്ക് കൂലി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുപിയില്‍ ദളിത് ബാലനെക്കൊണ്ട് പരസ്യമായി  കാല്‍ നക്കിച്ചു

റായ്ബറേലി: അമ്മ ജോലി ചെയ്തതിന്റെ കൂലി ചോദിച്ച പ്രായപൂര്‍ത്തിയാകാത്ത ദളിത് ബാലനെ ആക്രമിക്കുകയും ബലമായി കാല്‍ നക്കിക്കുകയും ചെയ്ത കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. പത്താം ക്ലാസുകാരനായ ബാലനെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്.

ഏപ്രില്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശിക്ഷയുടെ ഭാഗമായെന്നോണം കുട്ടി ചെവിയില്‍ പിടിച്ചുകൊണ്ട് തറയില്‍ ഇരിക്കുന്നതും പ്രതികള്‍ ബൈക്കുകളില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സവര്‍ണ ജാതിക്കാരെ അഭിസംബോധന ചെയ്യുന്ന പദമായ 'ഠാക്കൂര്‍' എന്ന് വിളിക്കാന്‍ ബാലനെ നിര്‍ബന്ധിക്കുന്നതും ഇനി ഈ തെറ്റ് ആവര്‍ത്തിക്കുമോയെന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് ശേഷമാണ് ബാലനെക്കൊണ്ട് കാല്‍ നക്കിപ്പിക്കുന്നത്. ഇവര്‍ സവര്‍ണ ജാതിക്കാരായ യുവാക്കളാണ്.

വിധവയായ മാതാവിനോടൊപ്പമാണ് ബാലന്‍ താമസിക്കുന്നത്. പ്രതികളില്‍ ചിലരുടെ പാടങ്ങളില്‍ കുട്ടിയുടെ മാതാവ് ജോലി ചെയ്തിരുന്നതായും ഇതിന്റെ കൂലി നല്‍കാന്‍ ആവശ്യപ്പെട്ടത് പ്രതികളെ ചൊടിപ്പിക്കുകയായിരുന്നെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ തുടര്‍ന്നാണ് ബാലനെ ആക്രമിച്ചത്.

ആക്രമിക്കപ്പെട്ട കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പ്രതികളെ പൊലീസ് പിടികൂടി. അഭിഷേക്, വികാസ് പാസി, മഹേന്ദ്ര കുമാര്‍, ഹൃതിക് സിംഗ്, അമന്‍ സിംഗ്, യശ് പ്രതാപ് തുടങ്ങിയവരാണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ബാലനെ ജുവൈനല്‍ ഹോമിലേക്ക് അയച്ചു. മറ്റുള്ളവരെ റിമാന്റ് ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.