'ബോര്‍ഡിന് യുക്തമായ നടപടി സ്വീകരിക്കാം'; കെഎസ്ഇബി സമരത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് ഹൈക്കോടതി

'ബോര്‍ഡിന് യുക്തമായ നടപടി സ്വീകരിക്കാം'; കെഎസ്ഇബി സമരത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ഇബി തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് വ്യക്തമാക്കി കേരളാ ഹൈക്കോടതി. സമരവുമായി ബന്ധപ്പെട്ട് ബോര്‍ഡിന് യുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരമുണ്ടെന്നും കോടതി അറിയിച്ചു. കെഎസ്ഇബി ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഹര്‍ജികള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി. വയനാട് സ്വദേശിയായ അരുണ്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിച്ചത്. ഉത്സവ സീസണടക്കം വരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ജീവനക്കാരുടെ സമരത്തില്‍ കോടതി ഇടപെടണമെന്നും സമരം നടത്തുന്ന ഇടത് അനുകൂല സംഘടനയായ ഓഫീസേഴ്‌സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

വൈദ്യുതി വിതരണം അവശ്യസേവന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഉപയോക്താക്കളെയാണ് ബാധിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. അതേസമയം കെഎസ്ഇബിയില്‍ ചെയര്‍മാനും യൂണിയന്‍ നേതാക്കളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയാണ്. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് വൈദ്യുതി ഭവന്‍ വളയല്‍ സമരം നടത്തി. ചെയര്‍മാന്റെ വിലക്ക് വകവയ്ക്കാതെയാണ് ഉപരോധം.

പ്രതിഷേധം ഘടക കക്ഷിക്കോ വൈദ്യുത വകുപ്പ് മന്ത്രിക്കോ എതിരല്ലെന്നാണ് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ ആവര്‍ത്തിക്കുന്നതെങ്കിലും പ്രത്യക്ഷത്തില്‍ ചെയര്‍മാനെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്ന മന്ത്രിയോട് യുണിയന് എതിര്‍പ്പുണ്ട്. ബോര്‍ഡ് മേധാവി മാത്രം വിചാരിച്ചാല്‍ സ്ഥാപനം നന്നാവില്ലെന്നും ജീവനക്കാരെ ശത്രുവായി കണ്ട് ഏത് തമ്പുരാന്‍ വിചാരിച്ചാലും സ്ഥാപനം മുന്നോട്ട് പോകില്ലെന്നും സമരം ഉത്ഘാടനം ചെയ്ത ആനന്ദത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.