കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ നിര്‍ണായക ശബ്ദ രേഖ പുറത്ത്. ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തായിരിക്കുന്നത്. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞു കൊടുക്കുന്നതാണ് ഈ ശബ്ദരേഖയില്‍ ഉള്ളത്. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയാണ് അനൂപ്.
ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നത്. മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകന്‍ ചോദിക്കുമ്പോള്‍ 'എനിക്ക് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല' എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാല്‍ മഞ്ജു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ പറയുന്നത്.
അഭിഭാഷകന്റെ നിര്‍ദേശം ഇങ്ങനെ-
'വീട്ടില്‍ നിന്ന് പോകുന്നതിന് മുമ്പുള്ള സമയത്ത് മഞ്ജു മദ്യപിക്കാറുണ്ടെന്ന് പറയണം. മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്ന് പറയണം. വീട്ടില്‍ എല്ലാവര്‍ക്കും അത് അറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടന്‍ നോക്കാം എന്ന് പറഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മില്‍ ഞങ്ങളുടെ മുന്നില്‍ വെച്ച് തര്‍ക്കം ഉണ്ടായിട്ടില്ലെന്നും പറയണം. പത്തുവര്‍ഷത്തില്‍ കൂടുതലായിട്ട് ചേട്ടന്‍ മദ്യം തൊടാറില്ലെന്നും പറയണം.'
ഇതിനുപുറമേ നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു എന്ന വാദത്തിന് നല്‍കേണ്ട മൊഴികളും അഭിഭാഷകന്‍ അനൂപിന് പറഞ്ഞു കൊടുക്കുന്നുണ്ട്. സംഭവ ദിവസം ദിലീപിന് പനിയും തൊണ്ട വേദനയും ചുമയും ഉണ്ടായിരുന്നു. പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയില്‍ പോയി കാണുമായിരുന്നു എന്ന് പറയണമെന്നുമാണ് അഭിഭാഷകന്റെ നിര്‍ദേശം.
കൂടാതെ മറ്റെന്തെങ്കിലും ചോദിച്ചാല്‍ ചോദ്യം മനസിലായില്ലെന്ന് പറഞ്ഞാല്‍ മതിയെന്നും പറയുന്നു. ബാക്കിയൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നത് സംഭാഷണത്തിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.