ലക്നൗ: പരമ്പരാഗത മതപരമായ ഘോഷയാത്രകള്‍ക്ക് മാത്രമേ ഉത്തര്‍പ്രദേശില്‍ ഇനി അനുമതി നല്‍കൂവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകള്‍ സംഘടിപ്പിക്കരുതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹനുമാന്‍ ജയന്തി ശോഭായാത്രയ്ക്കിടെ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.
മൈക്കുകളും ഉച്ചഭാഷിണികളും ഉപയോഗിക്കാം. എന്നാല്‍ അതിന്റെ ശബ്ദം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഉത്തര്‍പ്രദേശില്‍ എല്ലാവര്‍ക്കും അവരവരുടെ ആരാധനാ രീതി പിന്തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും യോഗി പറഞ്ഞു.
ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ മത ആചാരവുമായി ബന്ധപ്പെട്ടു നടന്ന ഘോഷയാത്രയില്‍ സംഘര്‍ഷമുണ്ടായിരുന്നു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഉച്ചഭാഷിണിയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഈ സാഹചര്യത്തിലാണ് യുപി സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചത്.
ഈദ്, അക്ഷയ തൃതീയ ആഘോഷങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ നീക്കം. മത ആചാരവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തുമെന്നു വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലം നിര്‍ബന്ധമായും സംഘാടകര്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം പുതിയ പരിപാടികള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നാണു തീരുമാനം. പൊലീസിനോട് അതീവ ജാഗ്രത പാലിക്കാനും സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനും നിര്‍ദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.