സ്വവര്‍ഗാനുരാഗത്തിന് പിന്തുണ; ഡിസ്‌നി വേള്‍ഡും ഫ്‌ളോറിഡ ഗവര്‍ണറും തമ്മില്‍ പോരു മുറുകുന്നു

സ്വവര്‍ഗാനുരാഗത്തിന് പിന്തുണ; ഡിസ്‌നി വേള്‍ഡും  ഫ്‌ളോറിഡ ഗവര്‍ണറും തമ്മില്‍ പോരു മുറുകുന്നു

ടലഹാസി: സ്വവര്‍ഗാനുരാഗം സംബന്ധിച്ച നിലപാടുകളില്‍ കൊമ്പുകോര്‍ത്ത് ഫ്‌ളോറിഡ ഗവര്‍ണറും ഡിസ്‌നി കമ്പനിയും. ഫ്‌ളോറിഡയിലെ സ്‌കൂളുകളില്‍ മൂന്നാം ക്ലാസ് വരെ ലൈംഗിക വിദ്യാഭ്യാസവും ലിംഗ വ്യക്തിത്വവും പഠിപ്പിക്കുന്നത് നിരോധിക്കുന്ന നിയമനിര്‍മാണത്തെച്ചൊല്ലിയാണ് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും ഡിസ്‌നി കമ്പനി അധികൃതരും തമ്മില്‍ പോര് മുറുകുന്നത്. സ്വവര്‍ഗാനുരാഗം സംബന്ധിച്ച വിഷയങ്ങളില്‍ ശക്തമായ പിന്തുണയുമായി നിലയുറപ്പിച്ചിട്ടുള്ള ഡിസ്‌നിയെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് റോണ്‍ ഡിസാന്റിസ്. വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ വിശാലമായ അധികാരങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

ലൈംഗിക ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കാനെന്ന പേരില്‍ ഡിസ്‌നി അടുത്ത കാലത്തായി നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് വലിയ എതിര്‍പ്പാണുയരുന്നത്. കൊച്ചുകുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ പോലും സ്വവര്‍ഗാനുരാഗം കുത്തിനിറയ്ക്കുന്ന ഡിസ്‌നിയുടെ വിനോദ പരിപാടികളും ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ പോലും ആരംഭിച്ചുകഴിഞ്ഞു.

ഫ്‌ളോറിഡയില്‍ 27,000 ഏക്കറിലധികം (11,000 ഹെക്ടര്‍) സ്ഥലത്താണ് ഡിസ്‌നി വേള്‍ഡ് സ്ഥിതി ചെയ്യുന്നത്. ഈ സ്വത്തുക്കള്‍ക്കുമേല്‍ ഡിസ്‌നിക്ക് സ്വയംഭരണാവകാശം അനുവദിക്കുന്ന നിയമം പിന്‍വലിക്കാന്‍ ഗവര്‍ണര്‍ സംസ്ഥാന സെനറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ മാസമാണ് കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ മൂന്നാം ക്ലാസ് വരെ ലൈംഗിക വിദ്യാഭ്യാസവും ലിംഗ വ്യക്തിത്വവും പഠിപ്പിക്കുന്നത് നിരോധിക്കുന്ന ബില്ലില്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ഒപ്പുവച്ചത്. നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ക്ക് അനുവാദവുമുണ്ട്.

അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ലൈംഗികാഭിമുഖ്യത്തെക്കുറിച്ചുള്ള ക്ലാസുകള്‍ നിരോധിച്ചിരിക്കുന്നത്. പ്രായത്തിന് അനുയോജ്യമല്ലാത്ത പാഠങ്ങള്‍ പഠിപ്പിക്കേണ്ട എന്ന തീരുമാനത്തിന്മേലാണ് ബില്‍ കൊണ്ടുവന്നത്. എല്‍ജിബിടിക്യു സമൂഹത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ബില്ലിനെ ലൈംഗിക ന്യൂനപക്ഷങ്ങള്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, ഡെമോക്രാറ്റ് പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങിയവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഫ്‌ളോറിഡ രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുള്ള വാള്‍ട്ട് ഡിസ്‌നി കമ്പനി സംസ്ഥാനത്തിന് നല്‍കുന്ന സംഭാവനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചാണ് ഇതിനോടു പ്രതികരിച്ചത്. ഇതിനുള്ള മറുപടിയായാണ് ഡിസ്‌നിയുടെ സ്വയംഭരണ ജില്ല എന്ന അവകാശം ഇല്ലാതാക്കാന്‍ ഗവര്‍ണര്‍ നടപടികള്‍ തുടങ്ങിയത്.

ഡിസ്‌നി വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള റീഡി ക്രീക്ക് ഇംപ്രൂവ്മെന്റ് ഡിസ്ട്രിക്റ്റ് 1967-ലാണ് രൂപീകൃതമായത്. നികുതി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ നിയമങ്ങളൊന്നുംതന്നെ ഈ പ്രത്യേക മേഖലയെ ബാധിക്കുന്നില്ല. വിനോദ സഞ്ചാരികളിലൂടെ ദശലക്ഷക്കണക്കിന് ഡോളര്‍ വരുമാനം സംസ്ഥാനത്തിന് നേടിക്കൊടുന്നതിനാല്‍ ഡിസ്‌നി അധികൃതരെ പിണക്കാതെയാണ് ഭരണകൂടം മുന്നോട്ടുപോയിട്ടുള്ളത്. എന്നാല്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് നീക്കങ്ങള്‍ ഡിസ്‌നിയും ഭരണകൂടവും തമ്മിലുള്ള പരസ്യ പോരിലേക്കു നയിച്ചുകഴിഞ്ഞു.

കൂടുതല്‍ വായനയ്ക്ക്:

ഡിസ്‌നി കാര്‍ട്ടൂണുകളില്‍ സ്വവര്‍ഗാനുരാഗം: പ്രതിഷേധം; നിവേദനത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.