തിരുവനന്തപുരം: ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണെങ്കിലും മന്ത്രിമാരുടെ ആഡംബരത്തിന് ഒരു കുറവും വരുത്താതെ കേരള സര്‍ക്കാര്‍. ഔദ്യോഗിക വാഹനങ്ങളുടെ കാലപ്പഴക്കമെന്ന കാരണം പറഞ്ഞ് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഒരു കാറിന് 20 ലക്ഷം മുതല്‍ 27 ലക്ഷം രൂപ വച്ച് കൂട്ടിയാല്‍ തന്നെ രണ്ടര കോടി രൂപ ഇതിനായി വേണ്ടി വരും.
പുതിയ കാറുകള്‍ ടൂറിസം വകുപ്പാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ധന വകുപ്പ് ഇക്കാര്യം പരിശോധിച്ചു വരികയാണ്. അടുത്ത ദിവസം തന്നെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കാറിന്റെ ടയര്‍ ഓട്ടത്തിനിടെ അടുത്തിടെ പൊട്ടിത്തെറിച്ചിരുന്നു. അന്ന് മന്ത്രി അപകടമേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നുവെങ്കിലും പുതിയ കാര്‍ വാങ്ങണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു.
കാലപ്പഴക്കം മൂലം സുരക്ഷ ഭീഷണി നിലനില്‍ക്കുന്നുവെന്ന കാരണം പറഞ്ഞാണ് പുതിയ കാറുകള്‍ക്കായി ടൂറിസം വകുപ്പിന്റെ ശുപാര്‍ശ. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാനില്ലാത്ത സമയത്ത് ഇത്ര വലിയ ധാരാളിത്തം കാണിക്കുന്നതിനെതിരേ സിപിഎമ്മില്‍ തന്നെ അതൃപ്തിയുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം ഉപയോഗിക്കുന്നത് ഇന്നോവ ക്രിസ്റ്റ കാറുകളാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ 10 വര്‍ഷം സേവന കാലാവധിയോ മൂന്നു ലക്ഷം കിലോമീറ്ററോ പിന്നിടുമ്പോഴാണ് മാറ്റുന്നത്. മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ മൂന്നു വര്‍ഷം സേവന കാലാവധിയോ കഴിയുമ്പോള്‍ മാറി നല്‍കും.
ഇപ്പോഴത്തെ മന്ത്രിമാര്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ സര്‍ക്കാര്‍ വാങ്ങിയ കാറുകളാണ്. മൂന്നു വര്‍ഷമായി മന്ത്രിമാര്‍ക്കായി പുതിയ കാറുകള്‍ വാങ്ങിയില്ലെന്ന വാദമുയര്‍ത്തിയാണ് പുതിയതിനുള്ള നീക്കം നടക്കുന്നത്.
മന്ത്രിമാരുടെ കാറുകള്‍ മിക്കവയും ഒന്നരലക്ഷം കിലോമീറ്റര്‍ പിന്നിട്ടു. മന്ത്രിമാര്‍ ഉപയോഗിച്ച പഴയ വാഹനങ്ങള്‍ ടൂറിസം വകുപ്പ് തിരിച്ചെടുത്താല്‍, സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളുടെ ആവശ്യത്തിന് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കും.
മുഖ്യമന്ത്രി പിണറായി വിജയനായി 62.5 ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങിയത് കുറച്ചു നാള്‍ മുമ്പാണ്. സുരക്ഷാ ഭീഷണി ഉണ്ടെന്ന കാരണം പറഞ്ഞായിരുന്നു പുതിയ കാര്‍ അന്ന് വാങ്ങിയത്. കാറിന്റെ കളര്‍ വെള്ളയില്‍ നിന്ന് കറുപ്പിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.