പരിഷ്‌കാരം പാളി: സംസ്ഥാനത്ത് ജി.എസ്.ടി കുടിശിക പിരിക്കാനാവാതെ 10,000 ത്തിലധികം കേസുകള്‍

പരിഷ്‌കാരം പാളി: സംസ്ഥാനത്ത് ജി.എസ്.ടി കുടിശിക പിരിക്കാനാവാതെ 10,000 ത്തിലധികം കേസുകള്‍

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന വകുപ്പ് (ജി.എസ്.ടി) കുടിശിക പിരിച്ചെടുക്കുന്നതില്‍ നടപ്പാക്കിയ പരിഷ്കാരം പാളി. ഇതുമൂലം സംസ്ഥാനത്ത് 10,000ത്തിലധികം കേസുകളില്‍ തുടര്‍നടപടി സ്വീകരിക്കാനാവുന്നില്ല.

ഒരു ഭാഗത്ത് സോഫ്റ്റ്‌വെയർ നവീകരണം മൂലമുള്ള തടസം. മറുഭാഗത്ത് റവന്യൂ റിക്കവറി അടക്കം അധിക ജോലി. സോഫ്റ്റ്‌വെയർ പണിമുടക്കില്‍ മൂല്യനിര്‍ണയ കാര്യങ്ങള്‍ തകിടം മറഞ്ഞിരിക്കുന്നതിനിടെയാണ് അമിതജോലി. വിവിധ മേഖലകളില്‍ മൂല്യനിര്‍ണയം ഓഫ് ലൈനിൽ നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.

സോഫ്റ്റ്‌വെയർ പണിമുടക്ക് തീരുന്നതോടെ ഇവ അപ്ലോഡ് ചെയ്താല്‍ മതിയെന്നാണ് മുകളില്‍നിന്നുള്ള വാക്കാല്‍ നിര്‍ദേശം. പ്രീ ജി.എസ്.ടി നിയമങ്ങളില്‍ വീണ്ടെടുപ്പ് (റിക്കവറി) അല്ലാതെ ഇതര ജോലികളൊന്നും നടക്കുന്നില്ല. നിലവില്‍ രജിസ്ട്രേഷനുള്ള നികുതി ദാതാവിന്‍റെ വീണ്ടെടുപ്പ് നടപടികള്‍ ജില്ലയിലെ ഇന്‍സ്പെക്ടിങ് ഡെപ്യൂട്ടി കമീഷണര്‍മാരും മറ്റുള്ളവ റവന്യൂ വകുപ്പുമാണ് നടപ്പാക്കുന്നത്.

എന്നാല്‍ റവന്യൂ റിക്കവറി നടപടി കൂടി ജി.എസ്.ടിയെ ഏല്‍പിച്ച സാഹചര്യത്തില്‍ നടപടികള്‍ തുടങ്ങാനായിട്ടില്ല. അതുകൊണ്ടുതന്നെ ജി.എസ്.ടി നികുതി കുടിശിക പിരിച്ചെടുക്കാനുള്ള നടപടികളും ഇതുവരെ തുടങ്ങിയിട്ടില്ല. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ (എന്‍.ഐ.സി) നിര്‍മിച്ച ഡിപ്പാര്‍ട്മെന്‍റ് സോഫ്റ്റ്‌വെയർ ജി.എസ്.ടി നെറ്റ്വര്‍ക്കിന്റെ മോഡല്‍ 2 ബാക്ക് എന്‍ഡിലേക്ക് മാറ്റി ജി.എസ്.ടി നികുതി കുടിശികകള്‍ വീണ്ടെടുക്കുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം സോഫ്റ്റ്‌വെയർ പണിമുടക്ക് തുടരുകയാണ്. ഇതോടൊപ്പം തന്നെ റിക്കവറി ഓഫിസര്‍ ആരാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച്‌ ഒരു ഉത്തരവും ഇതുവരെ ഇറക്കിയിട്ടില്ല. റവന്യൂ റിക്കവറി തുക ചലാന്‍ വഴി സംസ്ഥാന ട്രഷറിയില്‍ അടക്കുന്ന രീതിയാണ് ഇതുവരെ ഉണ്ടായിരുന്നത്. പരിഷ്കരണത്തിന്‍റെ ഭാഗമായി കുടിശികകള്‍ ജി.എസ്.ടിക്ക് നേരിട്ട് അടക്കുകയാണ് വേണ്ടത്. എന്നാല്‍ ഇതെല്ലാം എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ പരിശീലനം അടക്കം നല്‍കിയിട്ടുമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.