ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കെ റെയില്‍ കല്ലിടല്‍: പ്രതിഷേധിച്ചവരെ പൊലീസ് ചവിട്ടി വീഴ്ത്തി; കഴക്കൂട്ടത്ത് സംഘര്‍ഷം

ഒരു മാസത്തെ ഇടവേളയ്ക്ക്  ശേഷം വീണ്ടും കെ റെയില്‍ കല്ലിടല്‍: പ്രതിഷേധിച്ചവരെ പൊലീസ് ചവിട്ടി വീഴ്ത്തി; കഴക്കൂട്ടത്ത് സംഘര്‍ഷം

തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കെ റെയില്‍ സര്‍വേ കല്ലിടല്‍ ആരംഭിച്ചത് വന്‍ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ഇടയാക്കി. കഴക്കൂട്ടം കരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി.

ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നടപടിയില്‍ പലര്‍ക്കും പരിക്കേറ്റു. ചിലറെ പൊലീസ് ഉദ്യോഗസ്ഥര്‍ ചവിട്ടി വീഴ്ത്തി. വിവരമറിഞ്ഞ് കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിയത് വലിയ സംഘര്‍ഷത്തിന് വഴി തെളിച്ചു.

ഉന്തിനും തളളിനും ഇടയിലാണ് പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തിയത്. ഇതില്‍ ഒരാള്‍ നിലത്ത് കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവച്ചു. സര്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്നും മടങ്ങി.


ഒരു മാസമായി നിര്‍ത്തിവച്ച കല്ലിടല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് പുനരാരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരം മുരിക്കുംപുഴയിലും കല്ലിടാനായി എത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വാങ്ങി.

കെ റെയില്‍ കല്ലിടലിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. എത്ര കല്ലിട്ടാലും പിഴുതെറിയും. കല്ല് പിഴുതെറിയല്‍ നിയമലംഘനമെങ്കില്‍ ശിക്ഷ അനുഭവിക്കാനും തയ്യാറാണ്. ഭൂമി നഷ്ടമാകുന്നവര്‍ മാത്രമല്ല, കേരളം മൊത്തത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഇരകളാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.