ജിങ്കന്റെ 21-ാം നമ്പര്‍ ജേഴ്സി മടക്കികൊണ്ടു വരുന്നു, ഇനി മുതല്‍ ഇത് അണിയുന്നത് മലയാളി താരം ബിജോയ് വര്‍ഗീസ്

ജിങ്കന്റെ 21-ാം നമ്പര്‍ ജേഴ്സി മടക്കികൊണ്ടു വരുന്നു, ഇനി മുതല്‍ ഇത് അണിയുന്നത് മലയാളി താരം ബിജോയ് വര്‍ഗീസ്

കൊച്ചി: യുവ പ്രതിരോധ താരം ബിജോയ് വര്‍ഗീസുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന സീസണില്‍ 21-ാം നമ്പര്‍ ജേഴ്സിയിലായിരിക്കും താരം കളിക്കുക. സന്ദേശ് ജിങ്കന്‍ ക്ലബ് വിട്ടപ്പോള്‍ ഈ നമ്പര്‍ വിരമിച്ചതായി ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ബിജോയ് കോവളം എഫ്‌സിയുടെ യൂത്ത് ടീമിലൂടെയാണ് പ്രെഫഷണല്‍ ഫുട്‌ബോളില്‍ എത്തുന്നത്. 2018 ല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയ കേരള ടീമിന്റെ ഭാഗമായിരുന്ന താരം, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും നേടി. യൂത്ത് ലീഗില്‍ പങ്കെടുത്ത സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫുട്‌ബോള്‍ ടീമിലും അംഗമായിരുന്നു.

2021 ല്‍ കേരള പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി റിസര്‍വ് ടീമിന്റെ ഭാഗമായി. പ്രീമിയര്‍ ലീഗിലെ സ്ഥിരതയാര്‍ന്ന പ്രകടനം 22 വയസുകാരന് സീനിയര്‍ ടീം ക്യാമ്പിലേക്കുള്ള വഴിയൊരുക്കി. 2021 ഡ്യൂറന്‍ഡ് കപ്പിലായിരുന്നു ക്ലബിന്റെ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റം. തുടര്‍ന്ന് ഐഎസ്എല്‍ സീസണില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചു.

ദീര്‍ഘകാലത്തേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ പോകുന്നതില്‍ താന്‍ ഏറെ ആവേശത്തിലാണെന്ന് ക്ലബുമായുള്ള വിപുലീകരണ കരാര്‍ ഒപ്പുവച്ചതിന് ശേഷം ബിജോയ് വര്‍ഗീസ് പറഞ്ഞു. പരിശീലകന്‍ ഇവാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. കളിക്കുന്ന എല്ലാ മത്സരങ്ങളിലും എന്റെ നൂറ് ശതമാനം നല്‍കി, ക്ലബ്ബിന്റെ ആവേശഭരിതരായ എല്ലാ ആരാധകര്‍ക്കും നല്ല ഓര്‍മകള്‍ നല്‍കാനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു-ബിജോയ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.