ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചന കാര്യത്തില്‍ ശുഭപ്രതീക്ഷ. ദയാധനം സംബന്ധിച്ച ചര്‍ച്ചകളില്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. 1.5 കോടി രൂപ നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാകാനാകും. കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബത്തിന് ദയാധനമായി ഈ തുക നല്‍കണം. ഇതിനൊപ്പം 40 ലക്ഷം രൂപയോളം കോടതിയില്‍ കെട്ടി വയ്ക്കുകയും വേണം.
നിമിഷപ്രിയയുടെ മോചനത്തിന് സജീവമായി ഇടപെടാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും തീരുമാനിച്ചിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകളില്‍ തങ്ങളുടെ പ്രതിനിധിയെ ഉള്‍പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മധ്യസ്ഥ ചര്‍ച്ചകള്‍ ഏകോപിപ്പിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയിരുന്നു. ഈ സംഘം മോചനവുമായി ബന്ധപ്പെട്ട് അനൗപചാരിക ചര്‍ച്ചകള്‍ നടത്തത്തിയതിന് പിന്നാലെയാണ് ദയാധനം സംബന്ധിച്ച നിലപാട് തലാല്‍ മുഹമ്മദിന്റെ കുടുംബം വ്യക്തമാക്കിയത്.
റംസാന്‍ അവസാനിക്കുന്നതിന് മുന്‍പ് തീരുമാനം ഉണ്ടാകണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റംസാന്‍ മാസം കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ യെമന്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്. ഈ തുക എങ്ങനെയെങ്കിലും കൈമാറാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് നിമിഷയുടെ കുടുംബം.
യെമനിലേക്ക് പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍. നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും യെമനിലേക്ക് പോകുന്നുണ്ട്. ഇവര്‍ അടക്കമുള്ള സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യെമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാല് പേരും അപേക്ഷ നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.