'ജിഗ്‌നേഷ് മേവാനിയെ എനിക്കറിയില്ല, ആരാണയാള്‍ ?'; അറസ്റ്റിനെക്കുറിച്ച് വിചിത്രമായി പ്രതികരിച്ച് അസം മുഖ്യമന്ത്രി

'ജിഗ്‌നേഷ് മേവാനിയെ എനിക്കറിയില്ല, ആരാണയാള്‍ ?'; അറസ്റ്റിനെക്കുറിച്ച് വിചിത്രമായി പ്രതികരിച്ച് അസം മുഖ്യമന്ത്രി

ദിസ്പൂര്‍: ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റിനെക്കുറിച്ച് വിചിത്ര പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരാണ് ജിഗ്‌നേഷ് മേവാനി, തനിക്ക് അയാളെ അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'കൂടുതല്‍ കാര്യങ്ങളൊന്നും എനിക്കറിയില്ല. ആരാണ് ജിഗ്‌നേഷ് മേവാനി. അയാളെ എനിക്കറിയില്ല. ഞാന്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണോ എന്ന ചോദ്യം തന്നെ അപ്രസക്തമല്ലേ' എന്നായിരുന്നു ഹിമന്ത് ബിശ്വ ശര്‍മ്മ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.

പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ പേരില്‍ അസം പൊലീസാണ് കഴിഞ്ഞ ദിവസം ജിഗ്‌നേഷ് മേവാനിയെ ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
മേവാനിയുടെ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 'മോഡിജി, ഭരണകൂട സംവിധാനത്തെ ദുരുപയോഗം ചെയ്ത് നിങ്ങള്‍ക്ക് വിയോജിപ്പുകളെ തകര്‍ക്കാന്‍ ശ്രമിക്കാം, എന്നാല്‍ നിങ്ങള്‍ക്ക് ഒരിക്കലും സത്യത്തെ തുറുങ്കിലടയ്ക്കാനാകില്ല' എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ഗുജറാത്ത് എം എല്‍ എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ അസം പൊലീസ് അര്‍ധരാത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദത്തിനും അഭ്യര്‍ത്ഥിക്കണമെന്ന മേവാനിയുടെ ട്വീറ്റിന്റെ പേരിലായിരുന്നു അറസ്റ്റ്. സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അസം സ്വദേശി അനുപ് കുമാര്‍ ദേ എന്നയാള്‍ മേവാനിക്കെതിരെ പരാതി നല്‍കിയെന്നാണ് പൊലീസ് ഭാഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.