തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഖ്യ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ട്വന്റി-20യും ആംആദ്മി പാര്‍ട്ടിയും; മുന്നണി സ്ഥാനാര്‍ഥികള്‍ വെള്ളം കുടിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഖ്യ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ട്വന്റി-20യും ആംആദ്മി പാര്‍ട്ടിയും; മുന്നണി സ്ഥാനാര്‍ഥികള്‍ വെള്ളം കുടിക്കും

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനൊരുങ്ങി ആംആദ്മി പാര്‍ട്ടിയും ട്വന്റി-20യും. ട്വന്റി-20 യ്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ വോട്ട് കൂടി ചേരുന്നത് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വലിയ വെല്ലുവിളിയാകും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 10.18 ശതമാനം വോട്ടു നേടി നാലാം സ്ഥാനത്ത് എത്തിയിരുന്നു. ഡോ. ടെറി തോമസായിരുന്നു ഇവിടെ ട്വന്റി-20 സ്ഥാനാര്‍ഥി. അന്ന് 13,897 വോട്ട് നേടാന്‍ അദേഹത്തിന് സാധിച്ചിരുന്നു. പി.ടി. തോമസ് 14,329 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. യുഡിഎഫിന് 43.82 ശതമാനം വോട്ട് ലഭിച്ചപ്പോള്‍, എല്‍ഡിഎഫിന് 33.32, എന്‍ഡിഎക്ക് 11.34 % എന്നിങ്ങനെയാണ് മുന്നണികള്‍ക്ക് വോട്ടു നേടാനായത്.

പി.ടിയെ പോലെ ജനകീയനായ ഒരു നേതാവിനെ ഇനി കോണ്‍ഗ്രസിന് അവിടെ കണ്ടെത്താനാകില്ല. അതുകൊണ്ട് തന്നെ ട്വന്റി-20-ആംആദ്മി സംയുക്ത സ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകള്‍ ജയപരാജയങ്ങളില്‍ നിര്‍ണായകമാകും. ഇത് കൂടുതല്‍ ഗുണം ചെയ്യുക എല്‍ഡിഎഫിനാകും.

പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആംആദ്മിയുണ്ടാക്കിയ നേട്ടം കേരളത്തില്‍ ഒരു വിഭാഗം പ്രതീക്ഷയോടെയാണ് കാണുന്നത്. മികച്ച ഒരു നേതൃത്വം വന്നാല്‍ കേരളത്തില്‍ നിര്‍ണായക ശക്തിയാകാന്‍ ആംആദ്മിക്കു സാധിക്കും എന്നാണ് വിലയിരുത്തല്‍. ട്വന്റി20 ക്ക് ഒപ്പം ചേര്‍ന്നു മല്‍സരിക്കുന്ന സാഹചര്യമുണ്ടായാല്‍ തൃക്കാക്കര മണ്ഡലത്തില്‍ മികച്ച ശതമാനം വോട്ടുറപ്പിക്കാന്‍ ആം ആദ്മിക്കു സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.