പാലക്കാട് രൂപതയ്ക്ക് ലഭിച്ചിരിക്കുന്നത് ദൈവം അയച്ച ഇടയനെ: മാര്‍ ജോര്‍ജ് ആലഞ്ചേരി

പാലക്കാട് രൂപതയ്ക്ക് ലഭിച്ചിരിക്കുന്നത് ദൈവം അയച്ച ഇടയനെ: മാര്‍ ജോര്‍ജ് ആലഞ്ചേരി

പാലക്കാട്: ദൈവം കാലഘട്ടത്തിന് അനുസരിച്ച് ഇടയന്മാരെ അയയ്ക്കുന്നു, അത്തരമൊരു ഇടയനെയാണ് പാലക്കാട് രൂപതയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. പാലക്കാട് രൂപതയുടെ മെത്രാനായി അഭിക്ഷിക്തനായ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനുള്ള സ്വീകരണവും വിരമിച്ച മാര്‍ ജേക്കബ് മനത്തോടത്തിനുള്ള യാത്രയയപ്പ് ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

സത്യത്തെ മുറുകെ പിടിച്ചു കൊണ്ട് നീതിയെ മുന്‍നിര്‍ത്തി സ്‌നേഹത്തോട് കൂടെയുള്ള ഒരു ശുശ്രൂഷ ഈ ലോകത്ത് എല്ലായിടത്തും നല്‍കുവാന്‍ നമുക്ക് സാധിക്കണമെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അതി രൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് വിശിഷ്ടാതിഥിയായിരുന്നു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.

ജസ്റ്റിസ് കുര്യന്‍ ജോസഫ്, വി.കെ. ശ്രീകണ്ഠന്‍ എംപി, ഷാഫി പറമ്പില്‍ എംഎല്‍എ, ബിഷപ് പീറ്റര്‍ അബീര്‍ അന്തോണി സ്വാമി, കാനഡ മിസിസാഗ രൂപതാ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, സിഎംഐ കോയമ്പത്തൂര്‍ പ്രേക്ഷിത പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. സാജു ചക്കാലയ്ക്കല്‍, എകെസിസി രൂപതാ പ്രസിഡന്റ് തോമസ് ആന്റണി, മാതൃവേദി രൂപത പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

വിരമിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത്, പുതിയ മെത്രാനായി സ്ഥാനമേറ്റ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി. വികാരി ജനറാള്‍ ഫാ. ജീജോ ചാലയ്ക്കല്‍ സ്വാഗതവും ഡെന്നി തെങ്ങുപ്പള്ളി നന്ദിയും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.